• Sat. Sep 21st, 2024
Top Tags

പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് മരുന്നില്ല; ഇരിട്ടി താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നവർ നെട്ടോട്ടത്തിൽ.

Bydesk

Jan 22, 2022

ഇരിട്ടി: മലയോര മേഖലയിലെ പ്രധാന ആശുപത്രിയായ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പേ വിഷബാധക്കുപയോഗിക്കുന്ന ആന്റി റാബീസ് വാക്സിനില്ലാത്തതുമൂലം ഇതുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നവർ നെട്ടോട്ടത്തിൽ. അധികൃതർ ഇരിട്ടി താലൂക്ക് ആശുപത്രിയോട് കാണിക്കുന്ന അവഗണനയുടെ ഭാഗമായാണ് ഇതെന്നാണ് സംസാരം. നിത്യവും ഇതുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നവരെ ദൂര സ്ഥലങ്ങളിലുള്ള ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണ് ഇപ്പോൾ താലൂക്ക് ആശുപത്രി അധികൃതർ ചെയ്യുന്നത്. പട്ടി , പൂച്ച എന്നിവ കടിക്കുക ഇവയുടെ നഖം കൊണ്ട് മുറിയുക തുടങ്ങിയത് മൂലം നിരവധി പേരാണ് നിത്യവും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരുന്നത്. മരുന്നില്ലാത്തതുമൂലം ഇത്തരം ആളുകളെ തലശ്ശേരി, കണ്ണൂർ തുടങ്ങിയ ആശുപത്രിയിലേക്ക് പറഞ്ഞയക്കുന്ന അവസ്ഥയാണ് ഇപ്പോൾ. അഞ്ച് ഡോസ് വാക്സിൻ വരെയാണ് ഒരാൾക്ക് ചെയ്യേണ്ടി വരുന്നത്. ഒരു ഡോസ് വാക്സിന് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുമ്പോൾ നാനൂറ് രൂപ വരെയാണ് ചിലവ് വരുന്നത്. സാധാരണക്കാർക്ക് ഇത് താങ്ങാൻ കഴിയില്ല. അതേസമയം ദൂര സ്ഥലത്തുള്ള ഗവ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നതും ഇത്തരക്കാർക്ക് ഏറെ ദുരിതമായി മാറുകയാണ്. 1,7,14, 28 തുടങ്ങിയ ദിവസങ്ങളിൽ കൃത്യതയോടെ മുടക്കം വരുത്താതെ യാണ് കുത്തിവെപ്പെടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത് ദൂരെസ്ഥലങ്ങളിൽ പോയി എടുക്കേണ്ടി വരുന്നത് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ആറളം പുനരധിവാസ മേഖലയിൽ നിന്നുൾപ്പെടെ നിരവധി ആദിവാസി വിഭാഗങ്ങൾക്ക് ആശ്രയമായ ഇരിട്ടി താലൂക്ക് ആശുപത്രിയോടുള്ള അവഗണന മൂലം നിത്യവും നിരവധി പേരാണ് കഷ്ടപ്പെടുന്നത്. സർക്കാർ മരുന്ന് നൽകിയില്ലെങ്കിൽ ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ചാണ് മരുന്ന് വാങ്ങേണ്ടത്. എന്നാൽ ആശുപത്രി വികസന സമിതിയിൽ മരുന്നു വാങ്ങുവാനുള്ള തുക ഇല്ലാത്തതുമൂലം ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഷ്ടപ്പെടുകയാണ് അധികൃതർ. ഒരു മാസം ശരാശരി ഒരു ലക്ഷം രൂപയെങ്കിലും ഇത്തരത്തിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ്നുള്ള മരുന്ന് വാങ്ങാൻ വേണ്ടി വരും. പേവിഷ പ്രതിരോധ കുത്തിവെപ്പിനായി ആശുപത്രിയിൽ എത്തുന്നവർ ജീവനക്കാരോട് തർക്കിച്ച് തിരിച്ച് പോകുന്ന അവസ്ഥയാണ് ഇപ്പോൾ. ഇതിനു ഉടനടി പരിഹാരം കാണണമെന്ന ആവശ്യം പലകോണിൽ നിന്നും ഉയരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *