• Fri. Sep 20th, 2024
Top Tags

ഏക ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ട് പേരട്ട പുല്ലംപ്പള്ളി ജെസിയും കുടുംബവും.

Bydesk

Jan 24, 2022

ഏക ഉപജീവന മാർഗ്ഗം നഷ്ടമായതിൻ്റെ നിരാശയിലാണ് ഉളിക്കൽ പഞ്ചായത്തിലെ പേരട്ട പുല്ലംപ്പള്ളി ജെസിയും കുടുംബവും. വിഷബാധയേറ്റ് രണ്ട് പശുക്കളും ഒരു കിടാവുമാണ് ഇവർക്ക് നഷ്ടമായത്. മൂന്നാമത്തെ പശു പ്രാണനു വേണ്ടി പിടയുന്ന നൊമ്പര കാഴ്ചയാണ് ഇവരുടെ വീട്ടിൽ എത്തുന്നവർക്ക് കാണാൻ സാധിക്കുന്നത്.

9 ദിവസം മാത്രം പ്രായമുള്ള ഒരു കിടാവ് മാത്രമാണ് ഇവിടെ ഇനി അവശേഷിക്കുന്നത്.  ഒന്നര വർഷം മുമ്പ് 8 ലക്ഷത്തിൽപ്പരം രൂപ ബാങ്ക് വായ്പ എടുത്താണ് ജെസിയും , ഭർത്താവ് ചാർളിയും മകൻ ജോജോയും 13 സെൻറ് സ്ഥലത്തുള്ള വീടിനരികിൽ മിനി ഫാം ആരംഭിക്കുന്നത്. മാസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ മൂന്ന് പശുക്കളും രണ്ട് കിടാക്കളും ഇവർക്ക് ലഭിച്ചു.

രാവിലെയും വൈകിട്ടുമായി 60 ലിറ്ററിലധികം പാൽ പേരട്ട ക്ഷീരോൽപാദന സംഘത്തിൽ അളക്കുന്ന പ്രധാന ക്ഷീരകർഷകരായിരുന്നു ഈ കുടുംബം. കഠിന പ്രയത്നത്തിലൂടെ അധ്വാനിച്ചാണ് പശുക്കളെ പോറ്റി വന്നത്. പ്രതീക്ഷകൾ പൂത്ത് കടങ്ങൾ കുറേശ്ശെയായി തീർത്തു വരുന്നതിനിടയിലാണ് ഇന്ന് രാവിലെ 4 മണിയോടെ ആദ്യ പശു ചത്തു. തുടർന്ന് 4.45 ഓടെ അടുത്ത പശുവിനും ജീവൻ നഷ്ടമായി. മിനിറ്റുകൾക്കുള്ളിൽ പശുക്കിടാവും മറിഞ്ഞു വീണ് പിടയാൻ തുടങ്ങി. തുടർച്ചയായി പശുക്കൾ ചത്തു വീഴുന്നതു കണ്ട ജെസ്സി മൃഗാശുപത്രിയുമായ ബന്ധപ്പെടുകയും, അതിവേഗം കോളിത്തട്ട് വെറ്റിനറി സബ് സെൻ്റെറിൽ നിന്നും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സുമേഷ് വാസു, പൈസക്കരി മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ജോൺസൺ പി.എം എന്നിവർ സ്ഥലത്തെത്തി ശേഷിക്കുന്ന ഒരു പശുവിനും 9 ദിവസം പ്രായമുളള കിടാവിനും പ്രാഥമിക ശുത്രുഷകൾ നൽകി.

ലുക്കീമിയ ഇനത്തിൽപ്പെട്ട പുല്ല് തിന്നതാകാം പശുക്കൾക്ക് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന നിഗമനത്തിലാണ് വെറ്റിനറി ഡോക്ടർ അഭിപ്രായപ്പെടുന്നത്. തൊഴുത്തിന് സമീപത്തായി ഈ വർഗ്ഗത്തിലുള്ള പുല്ലിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, ഇതിനു മുൻപും ഇതേ പുല്ല് തുടർച്ചയായി നൽകിയിട്ടുണ്ടെന്നും ഒരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നും വീട്ടുകാർ പറയുന്നു.

പശുക്കൾക്ക് ഇൻഷുറൻസിൻ്റെ അഭാവം ഈ കുടുംബത്തെ തളർത്തിയിരിക്കുകയാണെന്നും, ഉപജീവന മാർഗ്ഗമാണ് നഷ്ടപ്പെട്ടതെന്നും ഇവർക്ക് വേണ്ട ധനസഹായങ്ങൾ ഉദാരമതികൾ മുന്നോട്ട് വന്ന് നൽകണമെന്നും വാർഡ് മെമ്പർ ബിജു വെങ്ങലപ്പള്ളി പറഞ്ഞു.

പെട്ടെന്നുണ്ടായ നഷ്ടം ഈ കുടുംബത്തെ വേട്ടയാടിയിരിക്കുന്ന ഘട്ടത്തിൽ ജീവൻ നഷ്ടമായ പശുക്കളെ കുഴിച്ചു മൂടാനുള്ള പ്രതിസന്ധിയും നിലവിലുണ്ട്. ആകെയുള്ള 13 സെൻ്റ് സ്ഥലത്തുള്ള വീടും തൊഴുത്തുമായതിനാൽ കുഴി എടുക്കാനുള്ള സ്ഥലപരിമിതിക്കൊപ്പം ജെ.സി.ബി വരാനുള്ള വഴിയും ഇവിടെ ഇല്ല. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *