• Fri. Sep 20th, 2024
Top Tags

ആറളം പഞ്ചായത്തിൽ ശാസ്ത്രീയ പരിചരണത്തിലൂടെ ഗുണമേന്മയുള്ള വിത്തുകൾ ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം.

Bydesk

Jan 25, 2022

ഇരിട്ടി: ഇഞ്ചി , മഞ്ഞൾ ,കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും വിത്തുകൾ ശേഖരിച്ച് ശാസ്ത്രീയ പരിപാലനമുറയിലൂടെ ഗുണമേൻമയുള്ള വിത്തുകളാക്കി വിതരണം ചെയ്യുന്ന പദ്ധതിക്ക് ആറളം പഞ്ചായത്തിൽ തുടക്കമായി. മാർക്കറ്റ് വിലയേക്കാൾ വില കൂട്ടി നൽകിയാണ് ആറളം കൃഷിഭവന്റെ നേതൃത്വത്തിൽ വെളിമാനത്തുള്ള ഇക്കോ ഷോപ്പ് ഉത്പന്നങ്ങൾ ശേഖരിക്കുന്നത്. ഇത് വരെ 20 ലധികം വരുന്ന കർഷകരിൽ നിന്നും 5 ടൺ ഇഞ്ചി, 5 ടൺ മഞ്ഞൾ വിത്തുകൾ ശേഖരിച്ച് കഴിഞ്ഞു. കൂടാതെ 3 ടൺ ചേന, കാച്ചിൽ, ചേമ്പ് എന്നിവയും ശേഖരിച്ചിട്ടുണ്ട്. ഇത് കൊണ്ട് കർഷകർക്ക് തങ്ങളുടെ ഉല്പന്നങ്ങൾക്ക് പുതിയ ഒരു വിപണന സാധ്യത ലഭിച്ചിരിക്കുകയാണ്. പഞ്ചായത്തിലെ കർഷകരിൽ നിന്നും ശേഖരിച്ച ഇഞ്ചി, മഞ്ഞൾ എന്നിവ പരിപ്പു തോടിൽ ഉള്ള പച്ചക്കറി ക്ലസ്റ്ററിലെ സംഭരണ കേന്ദ്രത്തിൽ വെച്ചാണ് ശാസ്ത്രീയമായ രീതിയിൽ പരിചരണം നടത്തി ഗുണമേൻമയുള്ള വിത്തുകളാക്കി മാറ്റുന്നത്. ചാണക ലായനിയിൽ മാങ്കോസെബ്, കാർബന്റാ സിം തുടങ്ങിയ കുമിൾനാശിനിയും മലാത്തിയോൺ കീടനാശിനിയും കൂടെ ചേർത്ത് അതിൽ അര മണിക്കൂർ മുക്കി വെക്കുന്നു. പിന്നീട് തണലത്ത് ഇട്ട് ഉണക്കിയതിനു ശേഷം അറക്കപൊടി വിതറി അതിനു മുകളിൽ വിത്ത് അടുക്കി വെച്ച് പാണൽ ഇല വെക്കുന്നു. ഇങ്ങനെ പല തട്ടുകളായി ആണ് വിത്തിനുവേണ്ടി സൂക്ഷിക്കുന്നത്. ഒരു മാസത്തിനു ശേഷം ഇവ വീണ്ടും എടുത്ത് കേടുവന്നത് എടുത്തു മാറ്റുന്നു. അതിനുശേഷം ഗുണനിലവാരമുള്ള വിത്തുകൾ മാത്രം തിരഞ്ഞെടുത്ത് കർഷകർക്ക് വിതരണം ചെയ്യുവാനാണ് പദ്ധതി ഇങ്ങനെ ചെയ്യുന്നതിലൂടെ ഇഞ്ചി, മഞ്ഞൾ കൃഷികൾക്കുണ്ടാകുന്ന മൂട് ചീയൽ രോഗം , കീടാക്രമണം എന്നിവ തടുക്കുവാനും ഉല്പാദനം വർദ്ധിപ്പിക്കുവാനും സാധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *