• Fri. Sep 20th, 2024
Top Tags

പ്രതീക്ഷയുടെ പച്ചപ്പിലേക്ക് ആറളം ഫാം; 3 കോടി രൂപ ഉപയോഗപ്പെടുത്തി ഒരുക്കിയത്…

Bydesk

Jan 26, 2022

ഇരിട്ടി: ആറളം ഫാം പ്രതീക്ഷയുടെ പച്ചപ്പിലേക്ക്. ഫാമിന്റെ വൈവിധ്യവൽക്കരണവും വികസനവും ലക്ഷ്യമിട്ട് കാർഷിക സർവകലാശാലാ സംഘം സമർപ്പിച്ച ശുപാർശ (ഫാം റിവൈവൽ സ്കീം) പ്രകാരം സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഒന്നാം ഘട്ടം യാഥാർഥ്യമായി. പൂർത്തീകരണ റിപ്പോർട്ട് 28ന് 2.30ന് കലക്ടറുടെ ചേംബറിൽ ആറളം ഫാമിങ് കോർപറേഷൻ ചെയർമാൻ കൂടിയായ എസ്.ചന്ദ്രശേഖർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യനു കൈമാറി നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ താൽപര്യമെടുത്ത് നിയോഗിച്ച കാർഷിക സർവകലാശാല ശാസ്ത്രജ്ഞ സംഘം പഠനം നടത്തി 14.56 കോടി രൂപയുടെ വികസന പദ്ധതികളാണ് ശുപാർശ ചെയ്തിരുന്നത്.

ഇതിൽ ആദ്യ ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. 2 –ാം ഘട്ടമായി  6.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.തകർച്ചയിലേക്കു കൂപ്പുകുത്തിയ ആറളം ഫാമിനെ രക്ഷിക്കാനായി 3 വർഷം മുൻപ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗ തീരുമാന പ്രകാരം രൂപീകരിച്ച ശാസ്ത്രജ്ഞ സംഘം ഫാമിൽ 2 ദിവസം താമസിച്ച് എല്ലാ വിഭാഗവുമായി ചർച്ച നടത്തിയ ശേഷമാണ് നവീകരണ പദ്ധതി തയാറാക്കിയത്.

ഫാമിനെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുന്നതിനു ഒപ്പം പുനരധിവാസ മേഖലയിലെ ആദിവാസികൾക്ക് തൊഴിൽ ഉറപ്പു വരുത്തുകയും കൃഷി മേഖലയ്ക്കു മുതൽകൂട്ടാവുന്ന സംരംഭമാക്കി മാറ്റുകയും ആണു ലക്ഷ്യം. 3500 ഏക്കർ കൃഷിഭൂമിയായാണു ഫാമിനു ഉള്ളത്. കൃഷിചെയ്യാതെ കാട് കയറിയ ഫാമിലെ മുഴുവൻ സ്ഥലത്തും പുതുതലമുറ കൃഷി ഉൾപ്പെടെ ചെയ്യും. വിനോദ സഞ്ചാര അധിഷ്ടിത കാർഷിക പ്രവർത്തനവും ബോട്ട് സർവീസും ഉൾപ്പെടെയുള്ളവയും വിവിധ ഘട്ടങ്ങളിൽ ആയി നടപ്പാക്കും.

3 കോടി രൂപ ഉപയോഗപ്പെടുത്തി ഒരുക്കിയത്…

∙ ഫാം സെൻട്രൽ നഴ്സറി നവീകരണവും വൈവിധ്യവൽക്കരണവും (പോളിഹൗസ്, നെറ്റ് ഹൗസ്, മിസ്റ്റ് ചേംബർ, മണ്ണ് അരിക്കൽ യന്ത്രം ജലസേചനം, സംരക്ഷണ വേലി എന്നിവ) – 96.5 ലക്ഷം രൂപ

∙ കാർഷിക യന്ത്രവൽക്കരണം (ട്രാക്ടർ, ടില്ലർ, ഗാർഡൻ ടില്ലർ വാങ്ങൽ, അറ്റകുറ്റപ്പണി, വർക്ക് ഷോപ്പ് ഷെഡ് നിർമാണം എന്നിവ) – 1 കോടി

∙ മാതൃ തോട്ടങ്ങൾ വച്ചുപിടിപ്പിക്കൽ (തെങ്ങ്, കുരുമുളക്, കശുമാവ്, പ്ലാവ്, നാരകം, ജാതി എന്നിവയുടെ വിവിധ ഇനങ്ങൾ) – 19.30 ലക്ഷം രൂപ

∙ വിദേശ ഫലവൃക്ഷങ്ങളുടെ തോട്ടങ്ങൾ (വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ്, മാങ്കോസ്റ്റിൻ, ഫുലാസാൻ എന്നിവ) – 9.80 ലക്ഷം രൂപ

∙ വിൽപന കേന്ദ്രം – 4 ലക്ഷം രൂപ

∙ ഇഞ്ചി, മഞ്ഞൾ കൃഷി വ്യാപനം 1–ാം ഘട്ടം – 13 ലക്ഷം രൂപ

∙ അലങ്കാര ചെടികളുടെ ഉൽപാദനം – 10 ലക്ഷം രൂപ

∙ മത്സ്യ കൃഷി, മഴവെള്ള സംഭരണി, കുളങ്ങളുടെ അറ്റകുറ്റപ്പണി – 20 ലക്ഷം രൂപ രൂപ

∙ പശു, ആട് ഫാം 1–ാം ഘട്ടം – 22.4 ലക്ഷം രൂപ

∙ എയ്റോപോണിക്സ് കൃഷി – 5 ലക്ഷം രൂപ

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *