• Fri. Sep 20th, 2024
Top Tags

ജാഗ്രതസമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കണം: ജില്ലാ ആസൂത്രണ സമിതി.

Bydesk

Feb 3, 2022

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാഗ്രത സമിതികളും ആര്‍ ആര്‍ടികളും കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം.

ആസൂത്രണ സമിതി അധ്യക്ഷ പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിന്റേതാണ് നിര്‍ദ്ദേശം. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഹോം ഐസൊലേഷന്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും പി പി ദിവ്യ പറഞ്ഞു. ഭക്ഷണം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കുന്നതിനുള്ള സംവിധാനം തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തണം. ഉത്സവകാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അവര്‍ പറഞ്ഞു. ജനജീവിതത്തെ ബാധിക്കാത്ത രീതിയിലുള്ള നിയന്ത്രണങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്വയം നിയന്ത്രണത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രാദേശിക ബോധവത്കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 184 കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഏഴ് കോടി രൂപ വീതം അനുവദിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഹൈടെക്ക് ഫിഷ്മാര്‍ട്ട് നിര്‍മിച്ചു നല്‍കുമെന്ന് മത്സ്യഫെഡ് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

നഗരസഞ്ചയ പഞ്ചവത്സര പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 2021-22 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ അംഗീകരിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വികസനരേഖ മാര്‍ച്ച് 10 നകം പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപന പരിധിയിലെ വിനോദ സഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വികസനത്തിനായി ഡിപിആര്‍ തയ്യാറാക്കാനും യോഗം നിര്‍ദ്ദേശിച്ചു.

രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, ആസൂത്രണസമിതി അംഗങ്ങള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *