• Fri. Sep 20th, 2024
Top Tags

വിലയിടിവിൽ വലഞ്ഞ ഇഞ്ചി കർഷകന് രക്ഷകനായി ഇരിട്ടിയിലെ സുഗന്ധവ്യഞ്ജന വ്യാപാരി.

Bydesk

Feb 7, 2022

ഇരിട്ടി: അഞ്ചേക്കറിൽ നടത്തിയ ഇഞ്ചിക്കൃഷി വിലയിടിവ് മൂലം വിറ്റഴിക്കാൻ കഴിയാതെ വലഞ്ഞ കർഷകന് രക്ഷകനായി സുഗന്ധ വ്യഞ്ജന വ്യാപാരി എത്തി. മാടത്തിൽ സ്വദേശി പരുത്തിവേലിൽ ജോണിയാണ് താൻ മറ്റൊരാളിൽ നിന്നും സ്ഥലം പാട്ടത്തിനെടുത്ത് പായം പഞ്ചായത്തിലെ കടത്തും കടവിൽ അഞ്ചേക്കറിൽ നടത്തിയ ഇഞ്ചികൃഷി വിലത്തകർച്ചമൂലം വിളവെടുത്ത് വിൽക്കാൻ കഴിയാതെ വിഷമിച്ചത്. ഇദ്ദേഹത്തിന്റെ വിഷമം കേട്ടറിഞ്ഞ ഇരിട്ടിയിലെ സുഗന്ധ വ്യഞ്ജന വ്യാപാരി എം. ഹംസ ഹാജി ഇദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിക്കുകയും ജോണി കൃഷിചെയ്ത ഇഞ്ചി മുഴുവൻ വിപണി വിലയേക്കാൾ ചക്കിന് 100 രൂപ കൂട്ടി നൽകി ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇരിട്ടി മേഖലയിലെ ഏറ്റവും വലിയ ഇഞ്ചികൃഷിക്കാരനാണ് ജോണി. കഴിഞ്ഞ തവണ ഇഞ്ചിക്ക് ചാക്കിന് 1600 രൂപവരെ വില ലഭിച്ചിരുന്നു. ഈ വില പ്രതീക്ഷിച്ചാണ് ഇത്തവണ ജോണി അഞ്ചേക്കറിൽ ഇഞ്ചിക്കൃഷി നടത്തിയത്. നല്ല വിളവുണ്ടായെങ്കിലും വില ഇത്തവണ കുത്തനെ താണ് 700 രൂപയിലെത്തി. ഇത് കർഷകന്റെ പ്രതീക്ഷകളെല്ലാം തകർത്തു. കൊവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഡിമാൻഡ് കുറഞ്ഞതും കർണാടകത്തിലും തമിഴ്‍നാട്ടിലും ഉത്പാദനം കൂടിയതുമാണ് വിലയിടിവിനിടയാക്കിയത്. ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുമാണ് ഇഞ്ചി വ്യാപകമായി കയറ്റി അയച്ചിരുന്നത്. കർണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി കീടനാശിനി തളിക്കുന്നത് മൂലം ഇത്തരം ഇഞ്ചി തിരസ്‌കരിക്കപ്പെടുന്ന അവസ്ഥയുമുണ്ടായി. കൊവിഡ് പ്രതിസന്ധിക്കൊപ്പം ഇതും കയറ്റുമതി കുറയാനും വിലയിടിവിനും കാരണമായി. എന്നാൽ കീടനാശിനി പ്രയോഗമില്ലാതെ ജൈവ രീതിയിലുള്ള കൃഷിയായിരുന്നു ജോണിയുടേത്. ഒരേക്കറിൽ ഇഞ്ചികൃഷിയിറക്കാൻ 2.5 ലക്ഷത്തോളം രൂപ ചിലവ് വരും. ഇന്നത്തെ വിലയനുസരിച്ച് ചിലവിന്റെ മൂന്നിലൊന്നുപോലും ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ ജോണി എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ വിഷമം കേട്ടറിഞ്ഞ ഹംസഹാജി ജോണിയുടെ കൃഷിയിടത്തിൽ എത്തുന്നതും മുഴുവൻ ഇഞ്ചിയും വിപണി വിലയേക്കാൾ കൂടുതൽ നൽകി ഏറ്റെടുക്കാമെന്ന് സമ്മതിക്കുന്നതും. ഇത് വൻ ആശ്വാസമാണ് കർഷകനായ ജോണിക്ക്‌ നൽകുന്നത്. ജില്ലയിൽ അടുത്തകാലത്തൊന്നും ഇത്രയേറെ ഇഞ്ചിക്കൃഷി നടത്തിയ കർഷകൻ ഉണ്ടായിട്ടില്ലെന്നും അഞ്ചേക്കറിൽ കൃഷി നടത്തിയ ജോണിയുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നുവെന്നും ഹംസ ഹാജി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *