• Fri. Sep 20th, 2024
Top Tags

തിരുനെറ്റിക്കല്ല്: മഞ്ഞിൽ വിരിയുന്ന കാഴ്ചവസന്തം

Bydesk

Feb 10, 2022

കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ.. കണ്ണൂരിന്റ കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ജോസ്ഗിരിയിലെ തിരുനെറ്റിക്കല്ല്.

ചെറുപുഴയിൽ നിന്നും 19 കിലോമീറ്റർ അകലെ. തളിപ്പറമ്പ് നിന്ന് ആലക്കോട് ഉദയഗിരി വഴിയും ഇവിടെയെത്താം. ജോസ്ഗിരിയിൽ നിന്നും രണ്ടര കിലോമീറ്റർ മാറി കർണാടക അതിർത്തിയിലാണ് തിരുനെറ്റിക്കല്ല്. ബസിലോ സ്വകാര്യ വാഹനത്തിലോ വരുന്നവർ ജോസ് ഗിരിയിൽ ഇറങ്ങണം. പിന്നീട് കാൽനടയായോ ജീപ്പിലോ ചെങ്കുത്തായ കയറ്റം താണ്ടി തിരുനെറ്റിക്കല്ലിലേക്ക് എത്താം. അൽപ്പം സാഹസികതയും ഓഫ് റോഡ് യാത്രയും ആസ്വദിക്കുന്നവർക്ക് ബൈക്കിലും ലക്ഷ്യസ്ഥാനത്ത് എത്താവുന്നതാണ്.

സമുദ്രനിരപ്പിൽ നിന്നും 2300 അടി ഉയരത്തിലാണ് ഈ മനോഹാരിത. സ്വർണ നിറത്തിൽ തിളങ്ങുന്ന പുൽമേട്ടിൽ അതിരാണിപ്പൂക്കൾക്കൊപ്പം ചിരിച്ചു നിൽക്കുന്ന നിരവധി കുഞ്ഞു പൂക്കളും ഔഷധച്ചെടികളും കാണാം. മുഖാമുഖം നിൽക്കുന്ന കൂറ്റൻ പാറകൾക്ക് നടുവിൽ വലിയ ഉരുളൻ കല്ല്. ഈ പാറക്കൂട്ടങ്ങളിലേക്ക് അലിഞ്ഞിറങ്ങൂന്ന കോടമഞ്ഞാണ് ഏറ്റവും വലിയ ആകർഷണം. കരിമ്പാറപ്പുറത്ത് ചാടിക്കയറാൻ ഏണിയും നെറുകയിൽ വർഷങ്ങൾക്കു മുമ്പ് കുരിശുമല കയറി വന്ന വിശ്വാസികൾ സ്ഥാപിച്ച കുരിശുമുണ്ട്. ഇളം കാറ്റും ചാറ്റൽ മഴയും തിരുനെറ്റിക്കല്ലിന്റെ ദൃശ്യഭംഗിക്ക് കൂടുതൽ മിഴിവേകുന്നതാണ്. ഏതു കാലാവസ്ഥയിലും ഇവിടം വിസ്മയക്കാഴ്ചകളാൽ സമ്പന്നമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *