• Sat. Sep 21st, 2024
Top Tags

പയഞ്ചേരിമുക്കിലെ ഗതാഗതകുരുക്ക്; ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മാറ്റിക്രമീകരിക്കും.

Bydesk

Feb 16, 2022

ഇരിട്ടി: പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടികളുമായി ഇരിട്ടി നഗരസഭയും പോലീസും നടപടി തുടങ്ങി. റോഡ് വീതി കൂട്ടി സിഗ്നൽ സംവിധാനമടക്കം ഏർപ്പെടുത്തിയിട്ടും ഇവിടെ മുൻപുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പഴയപടി തുടരുന്നതാണ് പയഞ്ചേരി കവലയിലെ ഗതാഗതക്കുരുക്കിന് കാരണമായത്. ഇതിന് പരിഹാരമായി നിലവിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ മാറ്റി ക്രമീകരിക്കാൻ ആണ് നഗരസഭയും പോലീസും തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി നഗരസഭയും പോലീസും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തി. നിലവിൽ ബസ് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന സ്ഥലങ്ങൾ മാറ്റുന്നതിന് തീരുമാനിച്ചത്. തലശ്ശേരി – കുടക് അന്തർസംസ്ഥാന പാതയും, വയനാട് ജില്ലയിൽ നിന്നും പാൽച്ചുരം, നിടുമ്പൊയിൽചുരങ്ങളിലൂടെ പേരാവൂർ പാതയും കൂടിച്ചേരുന്ന പ്രധാന കവലയാണിത്. ഗതാഗതക്കുരുക്കഴിക്കാൻ ഇവിടെ ട്രാഫിക് സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തിയെങ്കിലും നിലവിലുള്ള ബസ് സ്റ്റോപ്പുകളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നേരത്തെയുണ്ടായിരുന്ന ബസ് സ്റ്റോപ്പുകൾ അല്പം മുന്നോട്ട് മാറ്റി സ്ഥാപിച്ചാൽ കുരുക്കിന് പരിഹാരമാകുമെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി ഇരിട്ടിയിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ നിലവിലുള്ള ബസ് നിർത്തുന്ന സ്ഥലത്തുനിന്നും 100 മീറ്റർ മുന്നിലേക്ക് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. ഇരിട്ടിയിൽ നിന്നും പേരാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ മാതൃകാ സൂപ്പർമാർക്കറ്റിന് സമീപം നിർത്തണം. പേരാവൂർ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരുന്ന ബസുകൾ എസ് എം ആസ്പത്രിക്ക് സമീപം നിർത്തണം. നേരത്തെ ഇതെല്ലാം കവലയോട് ചേർന്ന ഭാഗത്തായിരുന്നു നിർത്തിക്കൊണ്ടിരുന്നത്. മട്ടന്നൂർ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരുന്ന ബസ്സുകൾ എം ടു എച്ച് റെസിഡൻസിക്ക് മുന്നിലും നിർത്താനാണ് തീരുമാനം. പുതിയ മാറ്റം സമ്പന്ധിച്ച് അടുത്ത ദിവസം തന്നെ ബസ് നിർത്താനുള്ള സ്ഥലം എന്ന നിലയിലിലും പോലീസിന്റെ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. നഗരസഭാ ചെയർപേഴ്‌സൺ കെ ശ്രീലത, വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, നഗരസഭ അസി. എഞ്ചിനീയയർ സ്വരൂപ്, ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *