• Sat. Sep 21st, 2024
Top Tags

ഉത്സവത്തിനിടെ സംഘർഷം; തടയാനെത്തിയ പൊലീസുകാർക്ക് പരുക്ക്.

Bydesk

Feb 16, 2022

കതിരൂർ∙ കുണ്ടുചിറ കാട്ടിൽ അടൂട മടപ്പുര തിറഉത്സവത്തിനിടെ സംഘർഷം; തടയാനെത്തിയ 3 പൊലീസുകാർക്ക് പരുക്ക്. ഉത്സവ സ്ഥലത്ത് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റമുട്ടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘർഷം തടയാൻ ശ്രമിച്ചതോടെ യുവാക്കൾ പൊലീസിനെയും ആക്രമിച്ചു. പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി ജീപ്പിലേക്കു കയറ്റാനുള്ള ശ്രമവും ഇവിടെയുണ്ടായിരുന്ന സംഘം തടഞ്ഞു.

സംഘർഷത്തിൽ പൊലീസിന്റെ കൺട്രോൾ റൂം വാഹനത്തിന്റെ സൈഡ് ഗ്ലാസ് തകർത്തു. പിടിവലിക്കിടയിൽ 3 പൊലീസുകാർക്കു പരുക്കേറ്റു. ഇവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തു. പൊതു മുതൽ നശിപ്പിച്ചതുൾപ്പെടെയാണു കേസ്. ഇൻസ്പെക്ടർ ഓഫ് പൊലീസ് മഹേഷിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

ദിവസങ്ങൾക്കു മുൻപ് മലാൽ മടപ്പുരയിലെ ഉത്സവത്തിനിടയിലും യുവാക്കൾ ചേരിതിരിഞ്ഞ് അടിയുണ്ടായിരുന്നു. കുണ്ടുചിറയിലെയും മലാൽ മടപ്പുരയിലെയും ഉത്സവപ്പറമ്പിലെ അക്രമ തേർവാഴ്ച ആരാധനാലയങ്ങളിലെയും ഉത്സവ സ്ഥലങ്ങളിലെയും സമാധാനത്തിനു ഭീഷണിയാണെന്നു തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം.

അക്രമികൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.പി.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സജീവ് മാറോളി, സി.ടി.സജിത്ത്, സുശീൽ ചന്ത്രോത്ത്, കെ.ജയരാജൻ, പി.വി. രാധാകൃഷ്ണൻ, എം.പി.സുധീർബാബു, പി.ഒ. മുഹമ്മദ് റഫി ഹാജി, കെ.പി.രാഗിണി, യു.സിയാദ് എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *