• Fri. Sep 20th, 2024
Top Tags

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരുനക്കര പകൽപൂരം; ജയറാമിന്റെ നേതൃത്വത്തിൽ 111 കലാകാരൻമാർ അണിനിരക്കും…

Bydesk

Feb 23, 2022

കോട്ടയം • രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരുനക്കര പകൽപൂരം തിരിച്ചെത്തുന്നു. കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും മൂലം മാറ്റിവച്ച പൂരമാണ് ആഘോഷമായി നടത്താൻ ഒരുങ്ങുന്നത്. തിരുനക്കര മഹാദേവ ക്ഷേത്രം ഉത്സവത്തിനു മാർച്ച് 15നു വൈകിട്ട് 7 നു തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനര് കൊടിയേറ്റും.

എട്ടാം ഉത്സവമായ 22നു വലിയവിളക്ക് ദേശവിളക്കായി ആചരിക്കും. പള്ളിവേട്ട ദിവസമായ 23നാണു പൂരം. 24ന് ആറാട്ട്. പ്രസിഡന്റ് ടി.സി.ഗണേഷ്, സെക്രട്ടറി അജയ് ടി.നായർ, വൈസ് പ്രസിഡന്റ് പ്രഫ. പ്രദീപ് മന്നക്കുന്നം, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആർ.കൃഷ്ണചന്ദ്രൻ എന്നിവരടങ്ങുന്ന ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തിലാണ് ഉത്സവം നടക്കുന്നത്.

‘ബാഹുബലി’ സിനിമയിൽ അഭിനയിച്ച കേരളത്തിലെ ഗജവീരൻമാരിൽ പ്രമുഖനായ ചിറയ്ക്കൽ കാളിദാസൻ അടക്കമുള്ള ആനകളാണ് അണിനിരക്കുന്നത്. സർക്കാരിന്റെ നിർദേശങ്ങൾ വന്നശേഷമേ ആനകളുടെ എണ്ണത്തിൽ തീരുമാനമുണ്ടാകൂ. ക്ഷേത്രകലകളും അനുഷ്ഠാന കലകളും മറ്റു കലാപരിപാടികളും ഉണ്ടാകുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ് പറഞ്ഞു.\

പൂരദിനമായ 23ന് ചലച്ചിത്ര താരം ജയറാമിന്റെ നേതൃത്വത്തിൽ 111 കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം നടത്തും. തിരുനക്കര പൂരത്തിന്റെ ലോഗോ പ്രകാശനം 25ന് രാവിലെ 9.30ന് ക്ഷേത്രാങ്കണത്തിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ ദീപം തെളിയിക്കും. ജോസ്കോ ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബാബു എം.ഫിലിപ്പ് ലോഗോ ഏറ്റുവാങ്ങും.

പിന്നണി ഗായകൻ അനൂപ് ശങ്കർ, ഭീമ ബ്ലൂ ഡയ്മൺസ്, തൃശൂർ കലാസദൻ, കോട്ടയം ശ്രീരാഗം ഓർക്കസ്ട്ര എന്നിവരുടെ ഗാനമേള, കൊല്ലം കെ.ആർ.പ്രസാദിന്റെ ദേവയാനം ബാലെ, മൂന്നു ദിവസം കഥകളി (കർണ ശപഥം, കുചേലവൃത്തം, കിരാതം), എട്ടു ദിവസവും ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്ചശ്രീബലി, വേലകളി, ചെന്നൈ അശ്വത്ത് നാരായണനും സംഘവും നയിക്കുന്ന ആറാട്ടു കച്ചേരി, വെട്ടിക്കവല ശശികുമാർ, തുറവൂർ നാരായണപ്പണിക്കർ, ഹരിപ്പാട് മുരുകദാസ്, ആറന്മുള ശ്രീകുമാർ, പാറപ്പാടം സജീഷ് എന്നിവരുടെ നാദസ്വര കച്ചേരി, ദേവനടനം ഡാൻസ്, ഭസ്മാസുര മോഹിനി നൃത്തശിൽപം, പഞ്ചവാദ്യം, ആറാട്ട് സദ്യ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *