• Fri. Sep 20th, 2024
Top Tags

ആറുവരിയിലേക്ക് ദേശീയപാത; വഴികളെല്ലാം മിന്നൽ വേഗത്തിലേക്ക് മാറുന്നു, വികസനക്കുതിപ്പിലേക്ക് നാട്..

Bydesk

Feb 23, 2022

നീലേശ്വരം – തളിപ്പറമ്പ് റീച്ച് 2024 ഏപ്രിലോടെ പൂർത്തിയാകുമെന്നു പ്രതീക്ഷ

കണ്ണൂർ ∙ ദേശീയപാത 66 ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ ജില്ലയിൽ വേഗത്തിലായതോടെ കടന്നുപോകുന്ന വഴികളെല്ലാം മിന്നൽ വേഗത്തിലേക്ക് മാറുകയാണ്. നാട്ടുകാർക്കു പോലും കണ്ടാൽ ഇതെന്റെ നാട് തന്നെയോ എന്നു ശങ്കിച്ചുപോകും വിധം വേഗത്തിലാണ് മരങ്ങൾ മുറിക്കലും കെട്ടിടങ്ങൾ പൊളിക്കലും മണ്ണു നീക്കലും ബണ്ട് കെട്ടലുമെല്ലാം നടക്കുന്നത്.

വൻമരങ്ങളും തലയെടുപ്പുള്ള കെട്ടിടങ്ങളുമെല്ലാം നിമിഷങ്ങൾ കൊണ്ട് ഇല്ലാതാകുമ്പോഴും വികസനക്കുതിപ്പിലേക്ക് നാട് എത്തുന്നതിന്റെ സന്തോഷം പാത കടന്നുപോകുന്ന പ്രദേശവാസികൾക്കെല്ലാമുണ്ട്. ജില്ലയിൽ രൂക്ഷമായ സമരങ്ങൾ നടന്ന തുരുത്തിയിലും കീഴാറ്റൂരിലും കോട്ടക്കുന്നിലുമെല്ലാം തടസ്സങ്ങളില്ലാതെ നിർമാണം പുരോഗമിക്കുന്നു. പുതിയ ബൈപാസുകൾ, പാലങ്ങൾ, ഫ്ലൈ ഓവറുകൾ,

വയഡക്ടുകൾ എന്നിവ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖഛായ തന്നെ മാറും. വടക്കേ അറ്റമായ കരിവെള്ളൂരിനും മുഴപ്പിലങ്ങാടിനും ഇടയിലുള്ള 22 വില്ലേജുകളിലൂടെയാണ് ആറുവരിപ്പാത കടന്നുപോവുന്നത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി 2 റീച്ചുകളിൽ ഭൂമി നിരപ്പാക്കൽ, മരങ്ങൾ മുറിക്കൽ, കെട്ടിടങ്ങൾ പൊളിക്കൽ, വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കൽ എന്നിവ ഏതാണ്ട് പൂർത്തിയായി. പുതിയ പാലങ്ങൾക്കായുള്ള പൈലിങ് പ്രവൃത്തികൾ ആരംഭിച്ചു.

നീലേശ്വരം – തളിപ്പറമ്പ് പാത 40.11 കിലോമീറ്റർ

കാസർകോട് ജില്ലയിലെ നീലേശ്വരം മുതൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വരെ ഒറ്റ റീച്ചായാണു പ്രവൃത്തി പുരോഗമിക്കുന്നത്. 40.11 കിലോമീറ്റർ ദൂരമുള്ള ഈ റീച്ചിന്റെ പദ്ധതി ചെലവ് 3799.36 കോടി രൂപയാണ്. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ, വെള്ളൂർ, കണ്ടോത്ത്, കോറോം, എടനാട്, ചെറുതാഴം, കടന്നപ്പളളി, പരിയാരം, കുപ്പം, തളിപ്പറമ്പ് എന്നീ വില്ലേജുകളിലൂടെയാണ് ഈ റീച്ച് കടന്നുപോകുന്നത്. 2 ഫ്ലൈ ഓവറുകൾ, 5 വയഡക്ടുകൾ, 6 വെഹിക്കുലാർ അണ്ടർ പാസുകൾ, 7 ലൈറ്റ് വെഹിക്കുലാർ അണ്ടർ പാസുകൾ,3 വലിയ പാലങ്ങൾ, 8 ചെറിയ പാലങ്ങൾ എന്നിവയും 2 ബൈപ്പാസുകളുമാണ് ഈ റീച്ചിൽ ഉള്ളത്. പയ്യന്നൂർ ടൗണിനു സമീപം 3.82 കിലോമീറ്റർ നീളത്തിലും തളിപ്പറമ്പ് ടൗണിനു സമീപം 5.66 കിലോമീറ്റർ നീളത്തിലുമാണ് ബൈപ്പാസുകൾ നിർമിക്കുന്നത്. ഭൂമി മണ്ണിട്ട് ഉയർത്തൽ, പാലങ്ങൾക്കായുള്ള പൈലിങ് എന്നീ പ്രവൃത്തികളാണു പുരോഗമിക്കുന്നത്.

മഴക്കാലത്തു പ്രവൃത്തി തടസ്സപ്പെടാതിരിക്കാൻ വെള്ളം ഒഴുകിപ്പോകാനുള്ള വഴികളും മറ്റും ഉറപ്പാക്കുന്നുണ്ടെന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.‌ 2021 ഒക്‌ടോബർ 15ന് ആണ് പ്രവൃത്തി തുടങ്ങിയത്. മേഘ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് കരാറുകാർ. 2024 ഏപ്രിലിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *