• Fri. Sep 20th, 2024
Top Tags

കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് സമരം ഇന്നും തുടരും

Bydesk

Feb 25, 2022

കോളേജ് വിദ്യാർഥികൾ ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വ്യാഴാഴ്ച രാവിലെ എട്ടുമുതലാണ് പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കിയത്. വെള്ളിയാഴ്ച സമരം തുടരുമെന്ന് തൊഴിലാളികൾ പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ദേശീയപാതയിൽ ഏഴിലോട്ടുവെച്ച് സ്വകാര്യബസിലെ ജീവനക്കാർക്ക് മർദനമേറ്റത്. കണ്ണൂരിലേയ്ക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഒനിക്‌സ്, ഫാത്തിമ എന്നീ ബസുകളിലെ ജീവനക്കാരെയാണ് മർദിച്ചത്.

പയ്യന്നൂർ കോളേജ് സ്റ്റോപ്പിൽ ബസ് കയറാൻ കാത്തിരുന്ന വിദ്യാർഥികളെ കയറ്റിയില്ലെന്നാരോപിച്ച് വിദ്യാർഥികൾ ബൈക്കുകളിൽ പിന്തുടർന്ന് ഏഴിലോട്ടും പിലാത്തറയിലുമായി തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു.

തളിപ്പറമ്പ് ബക്കളത്തെ കിഷോർ, മുണ്ടേരിയിലെ മിഥുൻ എന്നിവർക്കാണ് മർദനമേറ്റത്. ഇവർ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കിയത്. വിദ്യാർഥികൾ ഇവരെ മർദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

സംഭവത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പോലീസ് കണ്ടാലറിയാവുന്ന 10 വിദ്യാർഥികൾക്കെതിരേ കേസെടുത്തു. കഴിഞ്ഞയാഴ്ച സമാനമായി നടന്ന സംഭവത്തിൽ രണ്ട് കോളേജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു. പരിയാരം ഇൻസ്‌പെക്ടർ കെ.വി. ബാബു, എസ്.ഐ. രൂപ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളായ വിദ്യാർഥികളെ പിടികൂടാൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റിലാവുമെന്നും പോലീസ് പറഞ്ഞു.

വിദ്യാർഥികളെ അറസ്റ്റ് ചെയ്യാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ബസ് തൊഴിലാളികൾ.

ഇൻസ്പെക്ടർ കെ.വി. ബാബു പ്രശ്നം തൊഴിലാളികളുമായി ചർച്ച ചെയ്തുവെങ്കിലും വെള്ളിയാഴ്ച രാവിലെ സർവീസ് പുനരാരംഭിക്കാൻ ജീവനക്കാർ വിസമ്മതിക്കുകയായിരുന്നു. സമരത്തെത്തുടർന്ന് ഈ റൂട്ടിൽ യാത്രാദുരിതം ഇരട്ടിച്ചു.

കെ.എസ്.ആർ.ടി.സി. ഈ റൂട്ടിൽ കൂടുതൽ സർവീസ് നടത്തിയിരുന്നുവെങ്കിലും തിരക്ക് ഒഴിവാക്കാൻ ഇത് പര്യാപ്തമായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *