• Fri. Sep 20th, 2024
Top Tags

ആയുധങ്ങളുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് സ്ഥിരീകരണം

Bydesk

Feb 25, 2022

യുദ്ധത്തിനിടെ ആയുധങ്ങളുമായി യുക്രൈന്‍ അതിര്‍ത്തിയിലേക്ക് പോകുകയായിരുന്ന റഷ്യന്‍ വിമാനം തകര്‍ന്ന് വലിയ അപകടം. സൈനിക ഉപകരണങ്ങളുമായി പോയ റഷ്യന്‍ അന്റോനോവ് An26 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് റഷ്യയുടെ സൗത്ത് വൊറോനെഷ് മേഖലയില്‍ ഉക്രെയ്‌നിനടുത്ത് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും മരിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഉപകരണങ്ങളുടെ തകരാര്‍ മൂലമാണ് അപകടമുണ്ടായതെന്നാണ് റഷ്യ പറയുന്നത്. യുക്രൈനിലേക്ക് കൂടുതല്‍ ആയുധമെത്തിക്കാനുള്ള റഷ്യയുടെ ഉത്തരവിനെത്തുടര്‍ന്നാണ് വിമാനം അതിര്‍ത്തിയിലേക്ക് കുതിച്ചത്. അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. 6 മുതല്‍ 38 ആളുകളെ വരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് തകര്‍ന്നത്. വിമാനത്തിനകത്ത് എത്ര സൈനികര്‍ ഉണ്ടായിരുന്നെന്ന് റഷ്യ പ്രതികരിച്ചിട്ടില്ല.

ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

തുടര്‍ന്ന് യുക്രൈന്‍ തിരിച്ചടി ആരംഭിച്ചു. വിമതര്‍ക്കൊപ്പം ഒരു പട്ടണത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ റഷ്യയുടെ 50 ഓളം സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്‌നിന്റെ സൈനിക കമാന്‍ഡ് അറിയിച്ചു. കിഴക്കന്‍ നഗരമായ കാര്‍ക്കീവിന് സമീപം നാല് റഷ്യന്‍ ടാങ്കുകളും തകര്‍ത്തു. മറ്റൊരു റഷ്യന്‍ വിമാനത്തെ ക്രാമാറ്റോര്‍സ്‌കില്‍ തകര്‍ത്തുവെന്നും സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് ട്വീറ്റ് ചെയ്തു. 40 യുക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ചെര്‍ണോബിലിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതിന് പിന്നാലെ ഉക്രൈന്റെ സൈനികരില്‍ ചിലരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യുക്രൈന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളാണ് റഷ്യ പ്രധാനമായും ആക്രമിക്കുന്നത്. ജനവാസ മേഖലകളില്‍ റഷ്യന്‍സേന ആക്രമണം നടത്തുന്നുണ്ടെന്നാണ് യുക്രൈന്‍ പറയുന്നത്. 13 സിവിലിയന്‍സും 9 യുക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി യുക്രൈന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *