• Fri. Sep 20th, 2024
Top Tags

‘പുട്ട് എനിക്കിഷ്ടമല്ല; അത് ബന്ധങ്ങൾ തകർക്കും’; മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ് വൈറൽ

Bydesk

Mar 17, 2022

കേരളീയർ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തിൽ മുന്നിലാണ് പുട്ടിന്റെ സ്ഥാനം. കടലക്കറിയോ, പയറും പപ്പടമോ, അതുമല്ലെങ്കിൽ പഴവുമായോ ചേർത്ത് ഒരു പിടിപിടിച്ചാൽ കുശാലാകും. എന്നാൽ എല്ലാവരും ‘പുട്ടുറുമീസിനെ’ പോലെ ആകണമെന്നില്ല. സ്ഥിരം കഴിക്കുന്നതുകൊണ്ട് പുട്ടിനോടുള്ള ഇഷ്ടം ഇല്ലാതായവരും നമ്മുടെ കൂട്ടത്തിലുണ്ട്. അങ്ങനെ ദിവസവും രാവിലെ പുട്ടുകഴിച്ച് മടുത്ത കോഴിക്കോട് മുക്കം സ്വദേശിയായ മൂന്നാം ക്ലാസ് വിദ്യാർഥി ജയിസ് ജോസഫിന്റെ ഉത്തരക്കടലാസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ബെംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിലെ വിദ്യാര്‍ഥിയാണ് ജയിസ് ജോസഫ്. നടന്‍ ഉണ്ണി മുകുന്ദനും കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘ഇഷ്ടമില്ലാത്ത ഭക്ഷണം’ എന്ന വിഷയത്തില്‍ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാപരീക്ഷയിലെ നിര്‍ദേശം. ‘എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്’ എന്നുതുടങ്ങുന്ന ഉത്തരത്തില്‍ കുട്ടി കുറിച്ചത് ഇങ്ങനെ-

 

”കേരളീയ ഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതിനാല്‍ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയാറാക്കി അഞ്ചുമിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയാറാക്കിത്തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അതോടെ ഞാന്‍ പട്ടിണികിടക്കും. അതിന് അമ്മ എന്നെ വഴക്കുപറയുമ്പോള്‍ എനിക്ക് കരച്ചില്‍വരും. പുട്ട് ബന്ധങ്ങളെ തകര്‍ക്കും”- എന്നുപറഞ്ഞാണ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്.

എക്‌സലന്റ്’ എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിശേഷിപ്പിച്ചത്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്- ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ് ജയിസ്.

കുഞ്ഞ് ജയിസിന്റെ അഭിപ്രായം വളരെ ശരിയാണെന്നും ചൂടാറിയാൽ പുട്ടു കല്ലുപോലെയാകുമെന്നും അഭിപ്രായപ്പെട്ട് ഒട്ടേറെ പേർ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് കീഴിൽ കമന്റുമായെത്തി. എന്നാൽ, പുട്ടിനെ ഒഴിച്ചു നിർത്തിയുള്ള ജീവിതം ചിന്തിക്കാനേ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടും കമന‍്റുകളുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *