• Fri. Sep 20th, 2024
Top Tags

വിവാദങ്ങള്‍ക്കിടെ കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ക്കു മികച്ച കലക്‌ഷന്‍.

Bydesk

Apr 20, 2022

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ക്കു മികച്ച കലക്‌ഷന്‍.

സര്‍വീസുകള്‍ ആരംഭിച്ച 11 മുതല്‍ 17 വരെ ലഭിച്ചത് 35,38,291 രൂപ. കഴിഞ്ഞ ദിവസം ലഭിച്ച കല‌ക്‌ഷന്‍ ക്രോഡീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകള്‍ ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയത്. ബെംഗളൂരുവിലേക്കുള്ള സര്‍വീസുകളാണ് കലക്‌ഷനില്‍ ഒന്നാമത്.

2021 ഫെബ്രുവരി 19നാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് കമ്ബനി രൂപീകരിക്കാന്‍ തീരുമാനിച്ചത്. നിയമനങ്ങളെല്ലാം കരാര്‍ അടിസ്ഥാനത്തിലാണ്. കെഎസ്‌ആര്‍ടിസിക്ക് സ്വിഫ്റ്റ് സര്‍വീസ് ലാഭമാണോ എന്ന് കുറച്ചു കാലത്തെ പ്രവര്‍ത്തനം നിരീക്ഷിച്ചശേഷമേ പറയാന്‍ കഴിയൂ എന്ന് മാനേജ്മെന്റ് വ്യക്തമാക്കി. എന്നാല്‍, സ്വിഫ്റ്റ് കമ്ബനിക്കു സര്‍വീസുകള്‍ ലാഭമാണെന്ന് കെഎസ്‌ആര്‍ടിസി പറയുന്നു.

സ്വിഫ്റ്റിന്റെ 30 ബസുകളാണ് ആദ്യഘട്ടത്തില്‍ കെഎസ്‌ആര്‍ടിസിക്കു വാടകയ്ക്കു നല്‍കിയിരിക്കുന്നത്. മള്‍ട്ടി ആക്സില്‍ ബസുകള്‍ക്കു കിലോമീറ്ററിനു 26 രൂപയും മറ്റുള്ള ബസുകള്‍ക്ക് 20 രൂപയും നല്‍കാനാണ് കെഎസ്‌ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനു സ്വിഫ്റ്റ് ഫീസ് നല്‍കണം.

സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍നിന്ന് അനുവദിച്ച 50 കോടി രൂപകൊണ്ട് 100 ബസുകള്‍ നിരത്തിലിറക്കാനാണ് സ്വിഫ്റ്റ് ആലോചിക്കുന്നത്. ഏപ്രിലില്‍ 100 ബസുകളും പുറത്തിറക്കാനാണ് തീരുമാനമെന്ന് സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ കെ.വി.രാജേന്ദ്രന്‍ പറഞ്ഞു. വോള്‍വോയുടെ 8 എസി സ്ലീപ്പര്‍ ബസുകളും 20 എസി സെമി സ്ലീപ്പര്‍ ബസുകളും 72 നോണ്‍ എസി ബസുകളുമാണ് സ്വിഫ്റ്റിന്റെ 100 ബസുകളുടെ കൂട്ടത്തിലുള്ളത്.

ഇതില്‍ 8 വോള്‍വോ ബസുകള്‍ സര്‍വീസിന്റെ ഭാഗമായിക്കഴിഞ്ഞു. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്കും തിരിച്ചും, എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമാണ് വോള്‍വോ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ദീര്‍ഘദൂര ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാകുന്നതോടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നാണ് കെഎസ്‌ആര്‍ടിസി അധികൃതരുടെ കണക്കുകൂട്ടല്‍.

കണിയാപുരത്ത് നിന്നും തിരുവനന്തപുരം – നാ​ഗര്‍കോവില്‍ വഴി ബെംഗളൂരുവിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും പാലക്കാട് – സേലം വഴി ബെംഗളൂരുവില്‍ എത്തുന്നതിനേക്കാള്‍ 4 മണിക്കൂറോളം സമയലാഭം നാ​ഗര്‍കോവില്‍ വഴിയുള്ള സര്‍വീസിനു ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു. കണിയാപുരത്തുനിന്നും വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന ഈ സര്‍വീസ് ടെക്നോപാര്‍ക്കില്‍ എത്തി ജീവനക്കാരുമായാണ് യാത്ര തുടരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *