• Fri. Sep 20th, 2024
Top Tags

ഇനി ഒരു ജീവൻകൂടി ജലത്തിൽ പൊലിയാതിരിക്കാൻ വിവിധ പദ്ധതികളുമായി അഴീക്കോട് മണ്ഡലം

Bydesk

Apr 23, 2022

അഴീക്കോട് : ഇനി ഒരു ജീവൻകൂടി ജലത്തിൽ പൊലിയാതിരിക്കാൻ വിവിധ പദ്ധതികളുമായി അഴീക്കോട് മണ്ഡലം. ജലാശയങ്ങളിൽ അതീവ സുരക്ഷാ മുൻകരുതലുകൾ ഒരുക്കുന്നതിന്റെ ഭാഗമായി അഴീക്കോട് മണ്ഡലത്തിൽ കെ വി സുമേഷ് എംഎൽഎ യുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചു.

കഴിഞ്ഞ ദിവസം കുന്നാവ് ജലദുർഗ ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ച സാഹചര്യത്തിലാണ് എംഎൽഎയുടെ അടിയന്തര ഇടപെടൽ. പ്രദേശവാസികളെ ഉൾപ്പെടുത്തി വാർഡ് തല ജാഗ്രതാ സമിതികൾ രൂപീകരിക്കും. മണ്ഡലത്തിലെ പഞ്ചായത്തുകളിലുൾപ്പെട്ട എല്ലാ ജലാശയങ്ങളും കണ്ടെത്തി സുരക്ഷാ ബോർഡ് സ്ഥാപിക്കും. സുരക്ഷാ ബോർഡിൽ ജലാശയയങ്ങളെ സംബഡിച്ച എല്ലാ വിവരങ്ങളും അപകടം സംഭവിച്ചാൽ അടിയന്തര സഹായത്തിന് ബന്ധപ്പെടെണ്ടേ പ്രദേശവാസികളുടെ ഫോൺ നമ്പർ, അഗ്‌നിശമന സേന നമ്പർ എന്നിവയും രേഖപ്പെടുത്തണം. ക്ഷേത്രക്കുളങ്ങളിൽ നിരീക്ഷകരെ നിയമിക്കും. പ്രവേശന സമയവും ഏർപെടുത്തും. ജലാശയങ്ങൾക്ക് സമീപം രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഉപയോഗിക്കാനാവശ്യമായ ലൈഫ് ജാക്കറ്റുകൾ സൂക്ഷിക്കണം. വാർഡ് തലത്തിലും സ്‌കൂളുകൾ കേന്ദ്രീകരിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണം നല്കും. ട്യൂഷൻ സെന്ററുകളിൽ നിന്ന് തിരിച്ചു പോകുന്ന കുട്ടികൾ വീടുകളിൽ എത്തിയെന്ന് ട്യൂഷൻ സെന്റർ ഉടമകൾ ഉറപ്പുവരുത്തണം. പുഴയോരങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും പ്രത്യേക നിരീക്ഷണം ഒരുക്കണം തുടങ്ങിയ നിർദേശങ്ങളാണ് അവതരിപ്പിച്ചത്.

ജലാശയങ്ങളിൽ കൃത്യമായ ഇടവേളകളിൽ പോലീസ് പരിശോധന നടത്തുമെന്ന് കണ്ണൂർ ഫയർ ആന്റ് സേഫ്റ്റി സ്റ്റേഷൻ ഓഫീസർ പി ഷനിത്ത് പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയായി മണ്ഡലത്തെ സമ്പൂർണ നീന്തൽ പരിശീലന മണ്ഡലമായി മാറ്റും. നീന്തലിനിടെ ക്ഷീണിതരായി അപകടം സംഭവിക്കുന്നത് തടയാൻ കുളങ്ങൾക്ക് നടുവിലൂടെ നീന്തൽ ട്രാക്കുകൾ സ്ഥാപിക്കും. മണ്ഡലത്തിലെ ക്ഷേത്ര കമ്മിറ്റികളുടെയും പഞ്ചായത്തുകളിലെ ഫയർ ആന്റ് റസ്‌ക്യൂ ബീറ്റ് ഓഫീസർമാരുടെയും യോഗം ചേർന്ന് നിർദ്ദേശങ്ങൾ ശേഖരിക്കും.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ അജീഷ് (അഴീക്കോട്), പി പി ഷമീമ (വളപട്ടണം), കെ രമേശൻ (നാറാത്ത്), കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമരായ കൂക്കിരി രാജേഷ്, പനയൻ ഉഷ, വി കെ ഷൈജു, എ കുഞ്ഞമ്പു, സി സുനിഷ , കെ പി റാഷിദ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി പ്രസീത, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻമാർ, കണ്ണൂർ എസിപി ടി കെ രത്‌നകുമാർ, ചിറക്കൽ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസർ കെ എം അരവിന്ദാക്ഷൻ, പള്ളിക്കുന്ന് ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസർ പി മോഹനചന്ദ്രൻ, കണ്ണൂർ ഫയർ ആന്റ് സേഫ്റ്റി സ്റ്റേഷൻ ഓഫീസർ പി ഷനിത്ത് എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *