• Fri. Sep 20th, 2024
Top Tags

രോഗികൾ അപകടത്തിൽപ്പെടാതിരിക്കാൻ തലശ്ശേരി ജനറൽ ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ

Bydesk

Apr 26, 2022

തലശ്ശേരി ∙ ജനറൽ ആശുപത്രിക്കു വേണം അടിയന്തര ചികിത്സ. അല്ലെങ്കിൽ ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികൾ അപകടത്തിൽപ്പെടും. ആശുപത്രിയിലെ മെയിൻ ബ്ലോക്കിലെ മുകൾ നിലയിൽ കോൺക്രീറ്റിനുള്ളിലെ കമ്പികൾ തുരുമ്പെടുത്തു ദ്രവിച്ച് അടർന്നു നിൽക്കുകയാണ്. ഇന്നലെ ഉച്ചയ്ക്കു സൺഷെയ്ഡിൽ നിന്നു കൂറ്റൻ സിമന്റ് കട്ട താഴെ ഓക്സിജൻ പ്ലാന്റിന്റെ മേൽക്കൂരയിലേക്കു വീണു മുകളിലെ ഷീറ്റുകൾക്കു കേടുപറ്റി. ആ സമയത്ത് പരിസരത്ത് ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി.

ഒന്നര മാസം മുൻപ് മെഡിക്കൽ വാർഡിലെ മേൽക്കൂരയിൽ നിന്ന് സിമന്റ് കട്ട അടർന്നു വീണ് രോഗിയെ പരിചരിക്കാൻ നിന്ന സ്ത്രീക്കു പരുക്കേറ്റ സംഭവമുണ്ടായിരുന്നു. ഏതാനും വർഷമായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളും കെട്ടിടം മോടിപിടിപ്പിക്കലും നടന്നെങ്കിലും ആശുപത്രിയിലെ പ്രധാന ബ്ലോക്കിന്റെ നവീകരണം നടത്താനാകാതെ നിൽക്കുകയാണ്. മെയിൻ ബ്ലോക്കിലെ മുകൾ നിലയിൽ കയറി മുകളിലോട്ടു നോക്കിയാൽ പേടി തോന്നും.

സിമന്റ് കട്ട അടർന്നു കമ്പികൾ പൂറത്തേക്കു തള്ളിയ നിലയിലാണ്. ഇതിനു പരിഹാരം പുതിയ കെട്ടിടം നിർമിക്കുകയെന്നതാണ്. എന്നാൽ, തൊട്ടടുത്ത് കോട്ടയുളളതിനാൽ പുരാവസ്തു വകുപ്പിന്റെ അനുവാദം ലഭിക്കാത്തതാണ് പ്രധാന തടസം. തലശ്ശേരി, ഇരിട്ടി, വടകര, കണ്ണൂർ താലൂക്കൂകളിലെ ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമാണ് തലശ്ശേരി ജനറൽ ആശുപത്രി. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിലുള്ള സൗകര്യങ്ങൾ അകത്ത് ഒരുക്കിയിട്ടുമുണ്ട്. എന്നാൽ, കെട്ടിടത്തിന്റെ അപകടാവസ്ഥയ്ക്കു പരിഹാരം വേണമെന്നാണ് ഇവിടെ ചികിത്സ തേടി എത്തുന്നവരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *