• Fri. Sep 20th, 2024
Top Tags

കയാക്കത്തോൺ: വളപട്ടണം പുഴയിൽ ആവേശത്തുഴയെറിഞ്ഞ് മത്സരം

Bydesk

Apr 26, 2022

കണ്ണൂർ ∙ വളപട്ടണം പുഴയുടെ ഓളപ്പരപ്പിൽ വർണപ്പൊട്ടുകൾ കണക്കെ അണിനിരന്ന കയാക്കുകൾ ഒന്നിച്ചു തുഴയെറിഞ്ഞപ്പോൾ വടക്കേ മലബാറിന് അതു നവ്യാനുഭവമായി. വിനോദസഞ്ചാര പ്രോത്സാഹനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പും ഡിടിപിസിയും ചേർന്നാണ് കണ്ണൂർ കയാക്കത്തോൺ എന്ന പേരിൽ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിച്ചത്.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തു നിന്നു തുടങ്ങി അഴീക്കൽ തുറമുഖം വരെയുള്ള 11 കിലോമീറ്റർ ദൂരത്തിലായിരുന്നു തുഴച്ചിൽ. മത്സരം മന്ത്രി എം.വി.ഗോവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.ദിവ്യ, ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ, നാറാത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.രമേശൻ, ഡിടിപിസി സെക്രട്ടറി ജെ.കെ.ജിജീഷ് കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഫ്ലാഗ് ഓഫ്.

ബി.അക്ഷയ് ചാംപ്യൻ

വ്യക്തിഗത തുഴച്ചിലിൽ ഒരു മണിക്കൂർ 17 മിനിറ്റിൽ ലക്ഷ്യം പൂർത്തീകരിച്ച് ആലപ്പുഴ സ്വദേശി ബി.അക്ഷയ് ചാംപ്യനായി. പുരുഷൻമാരുടെ ഗ്രൂപ്പ് ഇനത്തിൽ ഒരു മണിക്കൂർ 6 മിനിറ്റിൽ തുഴഞ്ഞെത്തി ആലപ്പുഴ സ്വദേശികളായ കെ.ആർ.കണ്ണൻ, ആദർശ് പി.അനിൽ കുമാർ എന്നിവർ ഒന്നാമതായി. മിക്‌സ്ഡ് വിഭാഗത്തിൽ കെ.നിധി (ഡൽഹി), കെവിൻ കെ.ഷാജി (കോഴിക്കോട്) എന്നിവരാണ് ജേതാക്കൾ. സമയം: ഒരു മണിക്കൂർ 17 മിനിറ്റ്.

വ്യക്തിഗത ഇനത്തിൽ ഫെബിൻ തോമസ് (എറണാകുളം), പുരുഷൻമാരുടെ ഗ്രൂപ്പിൽ റിനിൽ ബാബു, കെ.വി.വൈഷ്ണവ് (എറണാകുളം), മിക്‌സ്ഡ് ഗ്രൂപ്പിൽ എസ്.പി.രാഹുൽ, ശരണ്യ എസ്.മോഹൻ (തിരുവനന്തപുരം) എന്നിവർ റണ്ണേഴ്സ് അപ്പായി. 66 പേരാണ് മത്സര രംഗത്തുണ്ടായത്. വ്യക്തിഗത ഇനത്തിൽ 22 പേരും പുരുഷൻമാരുടെ ഗ്രൂപ്പിൽ 14 ടീമുകളും മിക്സ്ഡ് വിഭാഗത്തിൽ 8 ടീമുകളും മത്സരിച്ചു.

കലക്ടർ എസ്.ചന്ദ്രശേഖർ ഒറ്റയ്ക്കും തലശ്ശേരി സബ് കലക്ടർ അനു കുമാരിയും ഭർത്താവ് വരുൺ ധഹിയയും ഒന്നിച്ചും പറശ്ശിനിക്കടവ് മുതൽ ഫിനിഷിങ് പോയിന്റ് വരെ ‌‌തുഴഞ്ഞെത്തി കയ്യടിനേടി. അഴീക്കൽ തുറമുഖത്തു നടന്ന സമ്മാദാന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, അഴീക്കോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.അജീഷ് എന്നിവരും സംബന്ധിച്ചു. ഒന്നാം സ്ഥാനം നേടിയ ടീമിന് 50,000 രൂപയും റണ്ണേഴ്സ് അപ്പിന് 30,000 രൂപയും സമ്മാനിച്ചു.

വ്യക്തിഗത വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 15000 രൂപയുമാണ് സമ്മാനിച്ചത്. മത്സരാർഥികളുടെ സുരക്ഷയ്ക്ക് കോസ്റ്റൽ പൊലീസ്, വിവിധ കരകളിൽ ആംബുലൻസ് സൗകര്യം, ബോട്ടുകളിൽ മെഡിക്കൽ സംഘം, ഫയർ ഫോഴ്സിന്റെ സ്‌കൂബാ ടീം എന്നിവരെയും സജ്ജമാക്കിയിരുന്നു. മത്സരം വരും വർഷങ്ങളിലും തുടരാനും വിനോദസഞ്ചാരികളെയും കൂടുതൽ മത്സരാർഥികളെയും എത്തിക്കാനുമാണ് ഡിടിപിസി ആലോചിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *