• Fri. Sep 20th, 2024
Top Tags

ഇരിട്ടി പാലാപ്പറമ്പിൽ ആശുപത്രി മാലിന്യം തള്ളി; പ്രതിഷേധം

Bydesk

Apr 26, 2022

ഇരിട്ടി∙ ഇരിട്ടി നഗരസഭ പരിധിയിൽപെട്ട പുന്നാട് പാലാപ്പറമ്പിൽ ആശുപത്രി മാലിന്യം തള്ളിയ നിലയി‍ൽ കണ്ടെത്തി. ഉത്തരവാദികളെ പിടികൂടണമെന്നു ആവശ്യപ്പെട്ട് നഗരസഭ അധികൃതർ പൊലീസിനെ സമീപിച്ചു. ടൗൺ മേഖലയിൽ നിന്നു അധികം ദൂരത്തല്ലാതെ ഉയർന്ന പ്രദേശമായ പാലപ്പറമ്പിലെ കശുമാവ് തോട്ടത്തിലെ പഴയ കൽപ്പണ കുഴിയിലാണു മാലിന്യം കണ്ടെത്തിയത്.

സിറിഞ്ചുകൾ, ഒഴിഞ്ഞ മരുന്ന് കുപ്പികൾ, ഇൻഫ്യൂഷൻ സെറ്റുകൾ, രക്തം പുരണ്ട പഞ്ഞി – തുണിത്തരങ്ങൾ, എല്ലിന്റെ ഒടിവുകൾക്ക് ഉപയോഗിച്ച ശേഷം മുറിച്ചെടുത്ത പ്ലാസ്റ്റർ ഓഫ് പാരീസ് കക്ഷണങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, പൊട്ടിയ ക്ലോസറ്റ് എന്നിവ ഉൾപ്പെടെയാണു 200 മീറ്റർ മാറി ധാരാളം വീടുകൾ ഉള്ള മേഖലയിൽ തള്ളിയത്.

കശുവണ്ടി ശേഖരണത്തിനു വന്നവർ ദുർഗന്ധം വമിക്കുന്ന രീതിയിൽ മാലിന്യം കണ്ടെത്തി നഗരസഭയിൽ അറിയിക്കുകയായിരുന്നു. നഗരസഭ അധ്യക്ഷ കെ.ശ്രീലത, വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, സെക്രട്ടറി കെ.അഭിലാഷ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.കുഞ്ഞിരാമൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.അനിത, കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

ആശുപത്രി മാലിന്യം തള്ളിയവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും  ആശുപത്രിയുടെ കുറിപ്പ് മാലിന്യ ശേഖരത്തിൽ നിന്നു കണ്ടെത്തിയത് അടക്കം ചേർത്ത് പൊലീസിൽ പരാതി നൽകുമെന്നും നഗരസഭാ അധ്യക്ഷ കെ. ശ്രീലത പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *