• Thu. Sep 19th, 2024
Top Tags

ഇന്ത്യൻ നാവികസേനയുടെ പടക്കപ്പൽ ആദ്യമായി അഴീക്കലിൽ

Bydesk

Apr 30, 2022

ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് കാബ്ര ടി 76 വെള്ളിയാഴ്ച ഉച്ച 12 മണിയോടെ അഴീക്കൽ തുറമുഖത്ത് നങ്കൂരമിട്ടു. ഇതാദ്യമായാണ് പടക്കപ്പൽ അഴീക്കൽ തുറമുഖത്ത് എത്തുന്നത്. ദക്ഷിണ കമാൻഡിന്റെ കീഴിലുള്ള ഹൈഡ്രോജെറ്റ് വിഭാഗത്തിലെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റായ ഐഎൻഎസ് കാബ്ര ഇന്ത്യൻ നാവികസേനയുടെ അഭിമാനമാണ്. ക്യാപ്റ്റനും കമാൻഡിംഗ് ഓഫീസറുമായ കമാൻഡൻഡ് സുശീൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ എത്തിയ പടക്കപ്പലിനെ കെ വി സുമേഷ് എം എൽ എ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ അജീഷ്, സീനിയർ പോർട്ട് കൺസർവേറ്റർ അജിനേഷ് മാടങ്കര, പോർട്ട് ഓഫീസർ പ്രതീഷ് ജി നായർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കപ്പലിൽ അഞ്ച് ഓഫീസർമാരും 42 സെയിലർമാരുമാണുള്ളത്. കൊച്ചിയിൽനിന്ന് അഴീക്കോട്ടെത്തിയ പടക്കപ്പൽ ശനിയാഴ്ച രാവിലെ 11 മണിയോടെ ഇവിടം വിട്ട് കാസർകോട് ഭാഗത്തേക്ക് പട്രോളിംഗിനായി പോയി കൊച്ചിയിലേക്ക് മടങ്ങും. ലെഫ്. കമാൻഡൻറ് ബി. ദത്താണ് കപ്പലിന്റെ സെക്കൻഡ് കമാൻഡിംഗ് ഓഫീസർ.

കൊച്ചി കേന്ദ്രീകരിച്ച് കേരള തീരത്ത് അറബിക്കടലിൽ പതിവായി പട്രോളിംഗ് നടത്തുന്ന ഈ പടക്കപ്പൽ മത്സ്യത്തൊഴിലാളികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അഴീക്കോട് പോലുള്ള ചെറുതുറമുഖങ്ങൾ സന്ദർശിക്കുന്നതെന്ന് ക്യാപ്റ്റൻ പറഞ്ഞു. നേരത്തെ ബേപ്പൂർ, വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങൾ സന്ദർശിച്ചിരുന്നു. ”മത്സ്യത്തൊഴിലാളികൾ നാവികസേനയുടെ കണ്ണും കാതുമാണ്”-അദ്ദേഹം പറഞ്ഞു. കടലിൽ നേവിയുടെ നൂറുകണക്കിന് കപ്പലുകളുണ്ട്. എന്നാൽ, ആയിരക്കണക്കിന് ബോട്ടുകളിലാണ് മത്സ്യത്തൊഴിലാളികളുള്ളത്. അത്തരമൊരു ബോട്ടിൽ ഒരു ആക്രമി വന്നാൽ, ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുക മത്സ്യത്തൊഴിലാളികൾക്കായിരിക്കും. നാവിക സേനയുടെ കരുത്താവേണ്ടവരാണ് മത്സ്യത്തൊഴിലാളികൾ-അദ്ദേഹം പറഞ്ഞു. ഐ എൻ എസ് കാബ്ര വാട്ടർ ജെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കുന്നിടത്ത് പട്രോളിംഗ് നടത്തിയാൽപോലും വലകൾക്ക് കേടുപാടുകൾ സംഭവിക്കുന്നില്ല. 35 നോട്ട്‌സ് അഥവാ ഏകദേശം മണിക്കൂറിൽ 65 കിലോ മീറ്ററാണ് ഈ കപ്പലിന്റെ വേഗത. കടൽ സുരക്ഷയ്ക്കായി മിനിറ്റിൽ ആയിരം റൗണ്ട് വെടി വെക്കാൻ കഴിയുന്ന, ക്യാമറയുമായി ബന്ധിപ്പിച്ച 30 എംഎം തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കപ്പലിലുണ്ട്. ആഴക്കടലിൽനിന്നുപോലും നാവിക സേനാ ആസ്ഥാനവുമായി ബന്ധപ്പെടാൻ കഴിയുന്ന കമ്യൂണിക്കേഷൻ സംവിധാനം ഇതിലുണ്ട്. ആൻഡമാൻ നിക്കോബാറിലെ ഒരു ദ്വീപിന്റെ പേരിലുള്ള ഈ കപ്പൽ കൊൽക്കത്ത ജിആർഎസ്ഇയിൽ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. വളരെ വേഗത്തിൽ സഞ്ചരിക്കാനും ആഴം കുറഞ്ഞ പ്രദേശത്ത് എത്തിച്ചേരാനും കപ്പലിന് കഴിയും. അഴീക്കോട് തുറമുഖം മറ്റേത് ചെറുതുറമുഖത്തേക്കാളും 100 മടങ്ങ് മികച്ചതാണെന്നും ക്യാപ്റ്റൻ സാക്ഷ്യപ്പെടുത്തി. വിദ്യാർഥികളും നാട്ടുകാരുമടക്കം നിരവധി പേരാണ് കപ്പൽ സന്ദർശിക്കാനായി അഴീക്കലിൽ എത്തിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *