• Thu. Sep 19th, 2024
Top Tags

അധികൃതരുടെ അനാസ്ഥയുടെ ബാക്കിപത്രമായി മാറുകയാണ് പയ്യന്നൂർ ബൈപാസ് റോഡ്

Bydesk

Apr 30, 2022

പയ്യന്നൂർ:  അധികൃതരുടെ അനാസ്ഥയുടെ ബാക്കിപത്രമായി മാറുകയാണ് പയ്യന്നൂർ ബൈപാസ് റോഡ്. വികസനമെന്ന പേരിൽ റോഡിൽ നടത്തിയ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങൾ മൂലം ഒരുപോലെ ദുരിതമനുഭവിക്കുകയാണ് യാത്രക്കാരും പരിസരവാസികളും.

സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസ്ക് നിർബന്ധമാക്കിയത് പയ്യന്നൂർ ബൈപാസ് ലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് നൽകുന്ന ആശ്വാസം ചെറുതൊന്നുമായിരിക്കില്ല.

കോവിഡിനെ പ്രതിരോധിക്കാം എന്നതിലുപരി റോഡിലൂടെ സഞ്ചരിക്കുമ്പോൾ പറക്കുന്ന പൊടിയിൽനിന്നുമുള്ള സംരക്ഷണ കവചം കൂടിയാവുകയാണ് മാസ്ക്. പയ്യന്നൂർ താലൂക്ക് ആശുപത്രി മൾട്ടി-സ്പെഷ്യാലിറ്റി സൗകര്യം കൊണ്ടുവരുന്നതിന്റെ ഭാഗമായി ആവശ്യമായ വൈദ്യുതി ലൈൻ വലിക്കുന്നതിനുള്ള ഭാഗമായാണ് പയ്യന്നൂർ താലൂക്ക് ആശുപത്രി പെരുമ്പാ ബൈപാസ് റോഡിൽ കുഴിയെടുത്തത്.

ഇതുമൂലം ബൈപാസ് റോഡ് അടച്ചിടേണ്ടി വന്നതിനാൽ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇതേതുടർന്ന് വീണ്ടും ബൈപാസ് റോഡ് വാഹനങ്ങൾക്കായി തുറന്നുകൊടുത്തു.

റോഡ് നടുവിലെ കുഴി കാരണം വാഹനങ്ങൾ ഇതിലൂടെ സഞ്ചരിക്കാൻ വളരെ പ്രയാസപ്പെട്ടിരുന്നു. അതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച ബൈപാസ് റോഡ് അടച്ചു കൊണ്ട് ഇവിടെ കുഴികൾ അടച്ചത്.

എന്നാൽ വളരെ അശാസ്ത്രീയമായി ജില്ലി കല്ലുകൾ കൊണ്ടു കുഴികൾ അടച്ചത് മാത്രമാണ് അധികൃതർ ചെയ്തത്. ഇനി   അതിലൂടെയുള്ള വാഹനയാത്ര വളരെയധികം ദുഷ്കരമായി.

റോഡിലെ ജില്ലി കല്ലുകളിൽ തട്ടി ചക്രവാഹനങ്ങൾ അടക്കമുള്ളവ തെന്നി വീഴുന്നതും പതിവായിട്ടുണ്ട്. കൂടാതെ പ്രധാനമായും ബസ് പോലുള്ള വലിയ വാഹനങ്ങൾ ഇതിലൂടെ സഞ്ചരിക്കുമ്പോൾ ഉയർന്നുവരുന്ന പൊടി യാത്രക്കാർക്ക് എന്നപോലെ പരിസരവാസികൾക്കും ഒരു ഭീഷണി ആയിട്ടുണ്ട്.

ബൈപാസ് റോഡിലെ നിലവിലെ അവസ്ഥ പരിഹരിച്ച് ജനങ്ങളുടെയും      പരിസരവാസികളുടെയും ആശങ്ക പരിഹരിക്കണം എന്നാണ് പൊതുജനഭിപ്രായം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *