• Fri. Sep 20th, 2024
Top Tags

ഇടിമിന്നലും ചുഴലിക്കാറ്റും – പായം , അയ്യൻകുന്ന് പഞ്ചായത്തുകളിൽ എട്ടു വീടുകൾ തകർന്നു ലക്ഷങ്ങളുടെ കാർഷിക വിളകൾ നശിച്ചു

Bydesk

May 4, 2022

ഇരിട്ടി: തിങ്കളാഴ്ച വൈകുന്നേരം ശക്തമായ മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലും ചുഴലിക്കാറ്റിലും പായം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ എട്ടു വീടുകൾ ഭാഗകമായി തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിച്ചു. മരങ്ങൾ പൊട്ടിവീണും മറ്റും 30 തിലേറെ വൈദ്യുതി പോസ്റ്റുകൾ നശിച്ചു. മേഖലയിലെ വൈദ്യുതി ബന്ധങ്ങളും കേബിൾ സംവിധാനങ്ങളും താറുമാറായി.
അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ അട്ടയോലിയിൽ ഇടിമിന്നലിൽ മൂന്ന് വീടുകൾക്ക് ഭാഗികമായി നാശം നേരിട്ടു. വീടുകളിലെ വയറിംങ്ങ് പൂർണ്ണമായും കത്തിപോയി. നിരവധിവൈദ്യുതോപകരണങ്ങളും നശിച്ചു. ചെമ്പകശേരി മനോഹരൻ, കിഴക്കെ വേലിൽ ജോണി, ആററിങ്ങൾ നാരായണൻ എന്നിവരുടെ വീടുകൾക്കാണ് നാശം നേരിട്ടത്. ഇടി വീണ് മനോഹരന്റെ വീട്ടുമറ്റത്തെ പ്ലാവിൻ ചുവട്ടിലെ മണ്ണ് ചിതറി ഗർത്തം രൂപംകൊണ്ടു. വയറിംങ്ങ് പൂർണ്ണമായും കത്തി നശിച്ചതോടെ വീട്ടിനുള്ളിൽ പുക നിറഞ്ഞു. ഭയപ്പെട്ട കുടുംബം വീട്ടീന് വെളിയിലേക്ക് ഇറങ്ങി ഓടി രക്ഷപ്പെട്ടു. മുണ്ടയാം പറമ്പ് തെങ്ങോലയിൽ പഴമ്പള്ളി പ്രിൻസിന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു. വീടിന് സമീപത്തെ കോഴിക്കൂടും തകർന്നു. വീടിനകത്തുണ്ടായിരുന്ന പ്രിൻസും ഭാര്യയും ചെറിയ രണ്ട് കുട്ടികളും ഓടി രക്ഷപെട്ടതിനാൽ ആർക്കും പരിക്കില്ല. പഴമ്പള്ളി ഫിലോമിനിയുടെ പറമ്പിലെ 300ഓളം റബർ മരങ്ങളും 100ഓളം വാഴകളും കാറ്റിൽ നശിച്ചു. കഴിഞ്ഞ വർഷം ടാപ്പിംങ്ങ് ആരംഭിച്ച റബറാണ് നശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇവർക്ക് ഉണ്ടായത്.
കൂറ്റൻ മരങ്ങളും വൈദ്യുതി തൂണുകളും പൊട്ടി വീണ് മുണ്ടയാംപറമ്പ് ക്ഷേത്രം- തെങ്ങോല റൂട്ടിൽഗതാഗതം മുടങ്ങി. മേഖലയിൽ വൈദ്യുതി ബന്ധങ്ങൾ പൂർണ്ണമായും തകർന്നു. വടക്കേമുറിയിൽ തോമസ്, വടക്കേമുറിയിൽ ജോസ്, വട്ടംതൊട്ടിയിൽ ദേവസ്യ, പുത്തൻപുര കുര്യൻ, പൊടിമറ്റം ബാബു, അശോക് കുമാർ തെക്കേടത്ത് എന്നിവരുടെ റബർ , പ്ലാവ്, വാഴ എന്നിവയ്ക്കും നാശനഷ്ടം ഉണ്ടായി.
പായം പഞ്ചായത്തിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. കുന്നോത്ത് മരം വീണ കണ്ടിയിൽ നാലു വീടുകൾ ഭാഗികമായി തകർന്നു. പുലപ്പാടി രവി, കരിമ്പനയ്ക്കൽ മുഹമ്മദ്, നാഗമറ്റത്തിൽ ബേബി, മാത്യു ചുരക്കൂഴി എന്നിവരുടെവീടുകൾക്കാണ് നാശം നേരിട്ടത്. മരം വീണും ശക്തമായ കാററിൽ മേൽക്കൂരയുടെ ഷീറ്റ് പാറി പോയുമാണ് നഷ്ടം ഉണ്ടായത്. മേഖലയിലെ മാത്യു വട്ടം തൊട്ടിലിന്റെ ടാപ്പ് ചെയ്യുന്ന 25ഓളം റബർ മരങ്ങളും വാഴയും നശിച്ചു. പുളിവേലിൽ ശിവദാസന്റെ കൃഷിക്കും നാശനഷ്ടം ഉണ്ടായി. ആറളം പഞ്ചായത്തിലെ എടൂർ, പയോറ, ഏച്ചില്ലം ഭാഗങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം മുടങ്ങി. എടൂർ സെഞ്ച്വുറി കേബിളിനും കനത്ത നാശം നേരിട്ടു. ഇവരുടെ ഓപ്റ്റിക്കൽ ഫൈബർ കേബിളുകൾ പലസ്ഥലങ്ങളിലും പൊട്ടി. മേഖലയിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരും മറ്റ് അംഗങ്ങളും മേഖലയിൽ സന്ദർശനം നടത്തി. രണ്ട് ദിവസമായി അവധിയായതിനാൽ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ യഥാസമയം എത്തിയില്ലെന്ന പാരാതിയും ജനങ്ങൾക്കിടയിൽ നിന്നും ഉണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *