• Sat. Sep 21st, 2024
Top Tags

കാർത്തികപുരം ചപ്പാത്ത് പൊളിച്ചു തുടങ്ങി

Bydesk

May 10, 2022

കാർത്തികപുരം ∙ മലയോരത്തിന്റെ ചരിത്രമായ കാർത്തികപുരം ചപ്പാത്ത് ഒടുവിൽ പൊളിച്ചു തുടങ്ങി. ജനകീയ കൂട്ടായ്മയിൽ നിർമിച്ചതിനാൽ പൊളിച്ചു മാറ്റുന്നതിനുള്ള ഫണ്ട് അനുവദിക്കാൻ പൊതുമരാമത്ത് തയാറായില്ല. കാർത്തികപുരം – ഉദയഗിരി – താബോർ പിഡബ്ല്യുഡി റോഡിന്റെ ഭാഗമായതിനാൽ ഉദയഗിരി പഞ്ചായത്തിനും ഫണ്ട് നൽകാൻ കഴിയില്ലായിരുന്നു. പുതിയ ഭരണസമിതി വന്നതോടെ കാർത്തികപുരം ടൗണിനു ഭീഷണിയായ ചപ്പാത്ത് പൊളിക്കാൻ വിവിധ വകുപ്പുകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതേ തുടർന്നാണു ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ചപ്പാത്ത് പൊളിക്കാൻ നടപടിയായത്. മത്സര സ്വഭാവമുള്ള ക്വട്ടേഷനിലൂടെ പൊളിക്കുന്ന ചപ്പാത്തിന്റെ കല്ലും കമ്പിയും പൊളിക്കാനുള്ള ചെലവിലേക്കു കണക്കാക്കി. 1000 രൂപ പഞ്ചായത്തിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ജിഎസ്ടിയും നൽകി. തുടർന്നാണ് പൊളിക്കൽ തുടങ്ങിയത്. നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഈ ചപ്പാത്ത്.

ഉദയഗിരിയെ പുറംലോകവുമായി ബന്ധിപ്പിക്കാൻ 1980ൽ ആണ് കാർത്തികപുരം പുഴയിൽ കോൺക്രീറ്റ് ചപ്പാത്ത് നിർമിച്ചത്. വലിയ വെള്ളപ്പൊക്കത്തിൽ ചപ്പാത്ത് കവിഞ്ഞൊഴുകാറുണ്ടെങ്കിലും വർഷത്തിൽ ഏറെക്കാലവും ഉദയഗിരി, കാർത്തികപുരം മേഖലകളിലുള്ളവർ ഇതുവഴിയാണു പരസ്പരം ബന്ധപ്പെട്ടിരുന്നത്. 2006ൽ ലക്ഷങ്ങൾ ചെലവഴിച്ച് കാർത്തികപുരം പാലം നിർമിച്ചതിനെ തുടർന്ന് അപ്രസക്തമായ ഈ ചപ്പാത്ത് പിന്നീടു നാടിനു തലവേദനയായി മാറുകയായിരുന്നു.

കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ വനത്തിൽ നിന്ന് ഒഴുകിയെത്തിയ കൂറ്റൻ മരങ്ങൾ ചപ്പാത്തിൽ തങ്ങുകയും ടൗണിൽ വെള്ളം കയറുന്നതിനു കാരണമാകുകയും ചെയ്തു. ഇതുമൂലം ഒട്ടേറെ നാശനഷ്ടങ്ങളുമുണ്ടായി. നാടിനു ശാപമായപ്പോൾ ഇതു പൊളിച്ചു നീക്കാൻ ഉദയഗിരി പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *