• Sat. Sep 21st, 2024
Top Tags

അപകടം തുടർക്കഥ; പാനൂർ ജങ്ഷനിൽ സുരക്ഷാ സംവിധാനമൊരുക്കുന്നു

Bydesk

May 11, 2022

പാനൂർ: രാത്രി അപകടം തുടർക്കഥയാകുന്ന പാനൂർ ജങ്ഷനിൽ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു. ഇതിനായി ഉദ്യോഗസ്ഥ സംഘം പാനൂർ ജങ്ഷൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പാനൂർ ടൗണിലും പ്രത്യേകിച്ച് കവലയിലും അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നത്. രാത്രിയിലാണ് അപകടങ്ങൾ കൂടുതലായും നടക്കുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അനുബന്ധ റോഡ് കൂടിയാണിത്. തിരക്കേറിയ റോഡിൽ ആവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണം. കെ.പി. മോഹനൻ എം.എൽ.എയുടെ വികസന നിധിയിൽനിന്ന് അനുവദിച്ച സിഗ്നൽ സംവിധാനം ഇതുവരെ നടപ്പായിട്ടില്ല. ദീർഘദൂര യാത്രക്കാരുടെ ശ്രദ്ധയിൽപെടുന്ന തരത്തിലുള്ള സൂചന ബോർഡുകളുമില്ല. മൂന്നാഴ്ച മുമ്പ് ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. രാവിലെ നടക്കാനിറങ്ങിയവർ അപകടത്തിൽപെട്ട സംഭവങ്ങളുമുണ്ടായി. ഒരാഴ്ച മുമ്പ് പുലർച്ച ടൗൺ കവലയിൽ ട്രാവലറും പിക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഇത്തരത്തിൽ അപകടങ്ങൾ തുടർക്കഥയായതോടെ പരാതികളുയർന്ന പശ്ചാത്തലത്തിലാണ് ഓവർസിയർ പി. ഇസ്മായിൽ, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ പി. ശശി, പാനൂർ എസ്.ഐ സി.സി. ലതീഷ്, പാനൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ഹാഷിം എന്നിവർ ടൗൺ ജങ്ഷൻ സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയത്. സോളാർ സിഗ്നൽ ലൈറ്റ് രണ്ട് ദിവസത്തിനുള്ളിൽ സ്ഥാപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *