• Fri. Sep 20th, 2024
Top Tags

വൈശാഖോൽസവത്തിനെത്തുന്നവർക്കായി ഓടപ്പൂക്കളൊരുക്കി കൊട്ടിയൂർ ഗ്രാമം

Bydesk

May 19, 2022

കൊട്ടിയൂര്‍:കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്ത ജനങ്ങള്‍ പ്രസാദമായി കൊണ്ടു പോകാറുള്ള ഓടപ്പൂ ഒരുക്കുന്ന തിരക്കിലാണ് പ്രദേശ വാസികള്‍.കൊട്ടിയൂര്‍ക്ഷേത്രപരിസരത്തുള്ള നൂറുകണക്കിന് ആളുകളുടെ ഒരു വര്‍ഷത്തെ വരുമാന മാര്‍ഗം കൂടിയാണ് ഈ ഓടപ്പൂ.

വൈശാഖ മഹോത്സവത്താനായി കൊട്ടിയൂരില്‍ എത്തുന്ന ഭക്തജന സഹസ്രങ്ങള്‍ പ്രസാദമായി കൊണ്ടു പോകാറുള്ളത് ഓടപ്പൂവാണ്.മൂപ്പ് എത്താത്ത ഓടകള്‍ പ്രത്യേക രീതിയില്‍ ചതച്ച് ചീകി എടുത്താണ് ഓടപ്പൂ തയ്യാറാക്കുന്നത്.വ്യത്യസ്തമായ ആചാരങ്ങളും,അനുഷ്ഠാനങ്ങളും കൊണ്ട് മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ മറ്റൊരു പ്രസാദമാണ് ഓടപ്പൂ. കൊട്ടിയൂർ,വയനാട് വനാതിർത്തികളിൽ നിന്നുമാണ് പ്രധാനമായും ഇതിനാവശ്യമായ ഓടകള്‍ എത്തിക്കുന്നത്.

ഗുണമേന്‍മയുള്ള ഓടയുടെ ലഭ്യത കുറവും വനത്തില്‍ നിന്ന് ഇവ ശേഖരിക്കാനുള്ള ബുദ്ധിമുട്ടും ഓടപ്പൂ നിര്‍മ്മാണത്തെ ഏറെ ബാധിക്കുന്നുണ്ട് എങ്കിലും കൊട്ടിയൂരില്‍ എത്തുന്ന ലക്ഷോപലക്ഷം ഭക്ത ജനങ്ങള്‍ തങ്ങളുടെ ദര്‍ശന സാഫല്യത്തിന്റെ പ്രതീകമായാണ് ഓടപ്പൂവിനെ കണക്കാക്കുന്നത്. പ്രായഭേതമെന്യേ കൊട്ടിയുർ നിവാസികൾ ഓടപ്പൂക്കൾ നിർമ്മിച്ച് കമനീയമാക്കുകയാണ്. കൊച്ചു കുട്ടികൾ മുതൽ വൃദ്ധർ വരെ തങ്ങളുടെ കരവിരുതിൽ തൂവെള്ളപ്പൂക്കൾ വിരിയിക്കുകയാണ് .

കൊട്ടിയൂർ ക്ഷേത്ര പരിസരത്തായി പാതയോരങ്ങളിൽ നൂറ് കണക്കിന് സ്റ്റാളുകളിൽ ഓടപ്പൂക്കൾ കൊണ്ട് ‘ തൂവെള്ളച്ചാർത്തണിഞ്ഞിരിക്കുകയാണിപ്പോൾ. കോവിഡിനെ തുടർന്ന് തുടർച്ചയായി രണ്ട് കൊല്ലം കൊട്ടിയൂരിൽ ഓടപ്പൂക്കളുടെ വിൽപന മുടങ്ങിയെങ്കിൽ ഇത്തവണ റിക്കാർഡ് ജനപ്രവാഹം ലക്ഷ്യമിട്ടാണ് ഓടപ്പൂക്കളുടെ നിർമ്മാണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *