• Fri. Sep 20th, 2024
Top Tags

വളയംചാൽ തൂക്കുപാലത്തിലൂടെ ഇക്കുറിയും സാഹസികയാത്ര

Bydesk

May 20, 2022

വളയംചാൽ∙ ആന കുത്തി വടം പൊട്ടിയതിനെ തുടർന്നു ചെരിഞ്ഞ് അപകടാവസ്ഥയിലായ തൂക്കുപാലത്തിലൂടെ ജീവൻ കയ്യിൽ പിടിച്ചു മറുകര താണ്ടേണ്ട ഗതികേടിലാണ് മേഖലയിൽ ആയിരക്കണക്കിനു ആദിവാസികൾ ഉൾപ്പെടെയുള്ള ജന വിഭാഗം. മൂന്നര വർഷം മുൻപ് ആരംഭിച്ച കോൺക്രീറ്റ് പാലം പണി ഇനിയും പൂർത്തിയാകാത്തതിനാൽ അത്യന്തം ദുരന്ത ഭീഷണിയാണ് പ്രദേശവാസികൾ നേരിടുന്നത്. നേരത്തെ ആന കുത്തി വടം പൊട്ടിച്ച തൂക്കുപാലം താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പഴയ പോലെ ചെരിഞ്ഞു തൂങ്ങിയ നിലയിൽ ആണ്. മഴയ്ക്കു മുൻപ് കോൺക്രീറ്റ് പാലം പണി പൂർത്തിയാകുമെന്നു പ്രതീക്ഷിച്ചതിനാൽ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടുമില്ല.

വേനൽ കാലത്ത് വെള്ളം കുറവ് ആയതിനാൽ ആളുകൾ പുഴയിലൂടെ ഇറങ്ങിയും നടന്നു പോയിരുന്നു. മഴ ആരംഭിച്ചതോടെ ഇപ്പോൾ പാലം വഴി മാത്രമാണ് അക്കരെ ഇക്കരെ കടക്കാനാകൂ. ഇളകി ആടുന്ന പാലത്തിലൂടെ ആളുകൾ കടന്നു പോകുന്നതു കാണുമ്പോൾ തന്നെ നെഞ്ചിടിക്കും. ആറളം ഫാം – വന്യജീവി സങ്കേതം അതിരിൽ ആറളം, കേളകം പഞ്ചായത്തുകളെ കോർത്തിണക്കുന്ന വളയംചാൽ പാലത്തിലൂടെയാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബങ്ങളും ഫാം ജീവനക്കാരും വന്യജീവി സങ്കേതം അധികൃതരും ഇക്കോ ടൂറിസം സഞ്ചാരികളും ഉൾപ്പെടെ കടന്നു പോകുന്നത്. നിലവിലുള്ള തൂക്കുപാലം സ്ഥിരം അപകട വേദിയായതോടെയാണ് നബാർഡ് പ്രത്യേക പദ്ധതിയിൽ നിന്നു കോൺക്രീറ്റ് പാലം പണിയാൻ മൂന്നര വർഷം മുൻപ് 4.5 കോടി രൂപ അനുവദിച്ചത്.

3 തൂൺ വേണ്ട പാലത്തിന്റെ 2 തൂണും ഉപരിതല വാർപ്പും ആദ്യ വർഷം പൂർത്തിയായെങ്കിലും കേളകം അരികിലെ സ്ഥലം ഏറ്റെടുത്തു നൽകിയത് കഴിഞ്ഞ നവംബർ 10 നാണ്. ഫണ്ട് പ്രതിസന്ധി വന്നതിനാൽ നിർമാണം വീണ്ടും വൈകി. അവസാന സ്പാനിന്റെ 2 ബിം വാർപ്പും അപ്രോച്ച് റോഡ് പണിയും പാർശ്വഭിത്തി നിർമാണവും ഉൾപ്പെടെ ഇനിയും പൂർത്തിയാകാനുമുണ്ട്. 32.1 മീറ്ററിന്റെ 2 സ്പാനുകളിൽ 65 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് പണിയുന്നത്. ഇരുവശത്തുമായി 125 മീറ്റർ അപ്രോച്ച് റോഡും വരും. കഴിഞ്ഞ കാലവർഷത്തിൽ 3 തവണയാണ് തൂക്കുപാലം ഒലിച്ചു പോയത്.

പുനർനിർമിച്ച പാലം ആണു ആന കുത്തി കേടുപാട് ആക്കിയത്. കാൽനട യാത്രക്കാ‍ർക്ക് ഉപയോഗിക്കാവുന്ന വിധം എങ്കിലും പറ്റുന്ന ഘട്ടത്തിലേക്ക് കോൺക്രീറ്റ് പാലം അടിയന്തരമായി പൂർത്തിയാക്കണം എന്നാണു പ്രദേശവാസികളുടെ ആവശ്യം. ജൂൺ 15 ന് പാലം പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണു പണികൾ നടത്തിയിരുന്നതെന്നും കാലവർഷം നേരത്തെ എത്തിയ പ്രതിസന്ധി ഉണ്ടെന്നും പണികൾ വേഗത്തിലാണു മുന്നോട്ടു പോകുന്നതെന്നും പണിക്കു മേൽനോട്ടം വഹിക്കുന്ന കിറ്റ്കോയുടെ പ്രതിനിധി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *