• Thu. Sep 19th, 2024
Top Tags

ആറാട്ടുകടവ് കോളനി നിവാസികളുടെ പുനരധിവാസം വൈകുന്നു; ദുരിതം

Bydesk

Jun 2, 2022

ചെറുപുഴ ∙ ആറാട്ടുകടവ് കോളനി നിവാസികളുടെ പുനരധിവാസം വൈകുന്നു. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് എങ്ങനെ താമസിക്കുമെന്ന ആശങ്കയിലാണു കോളനിയിലെ ആറിലേറെ കുടുംബങ്ങൾ. ഓരോ മഴക്കാലത്തും ഇവരെ പുളിങ്ങോത്തെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി പാർപ്പിക്കുകയാണു പതിവ്. ഇത്തവണയും ഇതു തന്നെയാണു സ്ഥിതി. 2 വർഷം മുൻപ് ദുരിതാശ്വാസ ക്യാംപിൽ നിന്നു കോളനി നിവാസികളെ തിരിച്ചയയ്ക്കുന്ന സമയത്ത് പെരിങ്ങോം വയക്കര പഞ്ചായത്തിൽ ഭൂമിയും വീടും നൽകുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു.

എന്നാൽ, കഴിഞ്ഞ വർഷം 10 സെന്റ് ഭൂമി പെരിങ്ങോം വില്ലേജിൽ പതിച്ചു നൽകിയെങ്കിലും വീട് നിർമിക്കാൻ പണം അനുവദിച്ചില്ല. ഇതോടെ കോളനിയിൽ നിന്നു പുറത്തു പോകാൻ കഴിയാതെ ഇവർ ഇവിടെ തന്നെ കഴിയുകയാണ്. ഒട്ടേറെ കുടുംബങ്ങൾ നേരത്തെ ഇവിടെ താമസിച്ചിരുന്നു. എന്നാൽ, കാട്ടാനകളെ ഭയന്നു പല കുടുംബങ്ങളും ഇവിടെ നിന്നു മാറി വാടക വീടുകളിലാണ് ഇപ്പോൾ താമസിക്കുന്നത്. മഴ പെയ്യാൻ തുടങ്ങിയതോടെ കാട്ടാനകൾ കൂട്ടത്തോടെ കോളനി പരിസരത്ത് തമ്പടിച്ചിരിക്കുകയാണ്. ഇതോടെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഒരു ഭാഗം കർണാടക വനവും മറുഭാഗം തേജസ്വിനിപ്പുഴയുമാണ്.

 

മഴ കനത്താൽ കോളനിയിലക്കുള്ള റോഡിലേക്ക് പുഴ കരകവിഞ്ഞൊഴുകയും ചെയ്യും. ഇതോടെ കോളനിയിൽ നിന്നു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാകും. പുഴ കടക്കാൻ ഒരു മുളപ്പാലം എങ്കിലും നിർമിച്ചു നൽകണമെന്നാണു കോളനി നിവാസികളുടെ ആവശ്യം. ഇവരുടെ ദുരവസ്ഥ കാണാൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പഞ്ചായത്ത്അംഗം മാത്രമാണ് പതിവായി ഇവിടെയെത്തി വിവരങ്ങൾ തിരക്കാറുള്ളതെന്ന് കോളനി നിവാസികൾ പറഞ്ഞു. കാടിനും പുഴയ്ക്കും ഇടയിൽ ഒറ്റപ്പെട്ടു പോയ തങ്ങളുടെ ദുരിതം എന്നു തീരുമെന്നറിയാതെ ഉഴലുകയാണു കോളിനിക്കാർ.

മാറ്റി പാർപ്പിക്കും; പഞ്ചായത്ത് അംഗം

മഴക്കാലത്തിനു മുൻപ് പഞ്ചായത്തിന്റെ സഹായത്തോടെ കോളനി നിവാസികളെ മാറ്റി പാർപ്പിക്കുമെന്നു പഞ്ചായത്ത്അംഗം സിബി എം.തോമസ്. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോളനി നിവാസികൾക്ക് 10 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് വീട് നിർമിക്കാനുള്ള പണം ഉടൻ അനുവദിക്കണം. പലപ്പോഴും ഉദ്യോഗസ്ഥർ ആറാട്ടുകടവ് കോളനിയെ അവഗണിക്കുന്നതായും പഞ്ചായത്ത് അംഗം ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *