• Fri. Sep 20th, 2024
Top Tags

പാലുകാച്ചി മല ഇനി കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിലേക്ക്

Bydesk

Jun 4, 2022

കൊട്ടിയൂർ∙ പാലുകാച്ചി മല ഇനി കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിലേക്ക്. ട്രക്കിങ് സൗകര്യം ഒരുക്കിയതോടെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇനി ആർക്കും മലമുകളിലേക്ക് നടന്നു കയറാം, പാറപ്പുറത്ത് കാറ്റു കൊണ്ട് ഇരിക്കാം, പുൽമേടുകളും വിശാലമായ ദൂരത്തോളം നാട്ടിൻപുറങ്ങളും മല മുകളിൽ നിന്ന് കണ്ട് ആസ്വദിച്ച്, മനം കുളിർത്ത് തിരികെ മടങ്ങാം. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലാണ് പ്രശസ്തമായ പാലുകാച്ചി മല സ്ഥിതി ചെയ്യുന്നത്. അകലെ നിന്ന് നോക്കിയാൽ അടുപ്പു കല്ല് കൂട്ടിയതു പോലെ പോലെ മൂന്ന് മലകൾ കാണാം എന്നതു കൊണ്ടാണ് ഇതിനെ പാലുകാച്ചി മല എന്ന് വിളിക്കുന്നത്.

 

സമുദ്ര നിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ പശ്ചിമ ഘട്ട മല നിരകളുടെ ഭാഗം ആയിട്ടാണ് പാലുകാച്ചി മല ഉള്ളത്. മലകളുടെ ഭൂരിഭാഗം പ്രദേശങ്ങളും കൊട്ടിയൂർ പഞ്ചായത്തിൽ ആണ്. ബാക്കി ഭാഗം കേളകം പഞ്ചായത്തിലും. 1998 ൽ ആണ് പാലുകാച്ചിയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റണം എന്ന ആവശ്യം ശക്തമാകുന്നത്. അന്നും ഇക്കോ ടൂറിസം പദ്ധതി എന്ന ആശയമാണ് മുന്നോട്ട് വച്ചിരുന്നത്. പാലുകാച്ചിയെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താൻ ടൂറിസം വകുപ്പ് പല തവണ ശ്രമം നടത്തിയിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല.

പിന്നീട് പത്ത് വർഷത്തിന് ശേഷം കൊട്ടിയൂരിൽ നിന്ന് പാലുകാച്ചിയിലേക്ക് ഉള്ള റോഡ് പ്രധാന മന്ത്രിയുടെ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ ആണ് വീണ്ടും പാലുകാച്ചി ടൂറിസം സാധ്യത ഉള്ള പ്രദേശങ്ങളുടെ കൂടെ ഇടം പിടിച്ചത്. എന്നിട്ടും ഒന്നര പതിറ്റാണ്ട് വീണ്ടും കാത്തിരുന്ന ശേഷമാണ് ഇപ്പോൾ ട്രക്കിങ് ആശയത്തോടെ പദ്ധതിക്കു തുടക്കമാകുന്നത്. കൊട്ടിയൂർ, കേളകം പഞ്ചായത്തുകൾ സംയുക്തമായി നടത്തിയ നീക്കങ്ങളെ തുടർന്ന് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.

പ്രധാന റോഡുകൾ

നാല് പ്രധാന റോഡുകളാണ് ഇതിന് സമീപം വരെ ഉള്ളത്. കൊട്ടിയൂർ ടൗണിൽ നിന്ന് ബാവലി പുഴ കടന്ന് 3.650 കിലോമീറ്റർ യാത്ര ചെയ്താൽ പാലുകാച്ചിയിൽ എത്താം. പ്രധാനമന്ത്രിയുടെ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലുകാച്ചി റോഡിന്റെ രണ്ട് കിലോമീറ്ററോളം ദൂരം ടാറിങ് നടത്തിയിട്ടുണ്ട്. ബാക്കി ഭാഗം ഫോർ വീൽ ജീപ്പിൽ സഞ്ചരിച്ച് ബേസ് ക്യാംപിൽ വരെ എത്താം. മഴക്കാലം ആയാൽ ടാറിങ് ഇല്ലാത്ത ഭാഗത്തു കൂടി നടന്നു തന്നെ പോകണം.

പാലുകാച്ചിയിലേക്ക് ഉള്ള രണ്ടാമത്തെ മാർഗം കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്നിൽ നിന്നാണ് ആരംഭിക്കുന്നത്. ഈ വഴിയും രണ്ട് കിലോമീറ്ററോളം ടാറിങ് ഉണ്ട്. ബേസ് മെന്റിലേക്ക് ഉള്ള ദൂരം 3.600 കിലോമീറ്റർ. കേളകം പഞ്ചായത്തിൽ നിന്നാണ് മൂന്നാമത്തെ റോഡ്. അടയ്ക്കാത്തോട്, ശാന്തിഗിരിയി വഴി പാലുകാച്ചിയിലേക്ക് പോകാം. കേളകം ടൗണിൽ നിന്ന് 16 കിലോമീറ്റർ ദൂരം. നാലാമത് മാർഗം കൊട്ടിയൂരിലെ ഇരട്ടത്തോട്ടിൽ നിന്ന് കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാൽ വഴി ശാന്തിഗിരിയിൽ എത്തുക എന്നതാണ്.

14 കിലോമീറ്ററോളം ദൂരം വരും. പൂർണമായി വനം വകുപ്പിന്റെ നിയന്ത്രണത്തിൽ ആണ് പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി പ്രദേശം ഉളളത്. മല മുകളിലേക്കു പോകാൻ ടിക്കറ്റ് എടുക്കണം. ബേസ് ക്യാംപ് വരെ വേനൽ കാലത്ത് വാഹനം സുഗമമായി എത്തും.

അവിടെ ക്ലോക്ക് റൂമും ടിക്കറ്റ് കൗണ്ടറും. ഇക്കോ ടൂറിസം പദ്ധതി ആയതിനാൽ വനത്തിന്റെ സംരക്ഷണ ചുമതല വനം വകപ്പിനും പ്രദേശ വാസികളെ ചേർത്ത് രൂപീകരിച്ച വന സംരക്ഷണ സമിതിക്കും ആണ്. ഇന്നലെ ഉദ്ഘാടനത്തിന് ശേഷം ജനപ്രതിനിധികളും സന്ദർശകരും വനം, പൊലീസ് ഉദ്യോഗസ്ഥരും പാലുകാച്ചിയിലേക്ക് ട്രക്കിങ് നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *