• Fri. Sep 20th, 2024
Top Tags

കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്ചിതകാല സമരം: സർവീസുകൾ മുടങ്ങില്ല

Bydesk

Jun 6, 2022

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം. കെഎസ്ആർടിസിയുടെ നവീകരണത്തിനായി ബദൽ രേഖയും സിഐടിയു ഇന്ന് മുന്നോട്ടുവെക്കും.

ഈ മാസം 20ന് മുൻപ് ശമ്പളം നൽകാൻ നിർവാഹമില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു. ശമ്പള വിതരണത്തിലെ പാളിച്ചയും കെടുകാര്യസ്ഥതയും ഉന്നയിച്ച് പ്രതിഷേധം മാനേജ്മെന്റിനെതിരെ കടുപ്പിക്കുകയാണ് യൂണിയനുകൾ. ഭരണാനുകൂല സംഘടനയായ സിഐടിയു ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും. ട്രാൻസ്പോർട്ട ഭവന് മുന്നിലെ സമരം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.

കെഎസ്ആർടിസിയുടെ നവീകരണത്തിനായി ബദൽ രേഖയും സിഐടിയു ഇന്ന് അവതരിപ്പിക്കും. ചീഫ് ഓഫീസിന് മുന്നിൽ ഐഎൻടിയുസി ഇന്ന് തുടങ്ങുന്ന അനിശ്ചിതകാല രാപ്പകൽ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ബിഎംഎസും ഇന്ന് ഡിപ്പോകൾ കേന്ദ്രീകരിച്ച് പ്രതിഷേധിക്കും. എഐടിയുസി നാളെ മുതൽ മഹാ കൺവെൻഷനുകൾ നടത്തും. മെയ് മാസത്തെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് കഴിഞ്ഞ വാരം വിളിച്ച യോഗം മൂന്ന് അംഗീകൃത യൂണിയനുകളും ബഹിഷ്കരിച്ചിരുന്നു.

മെയ് മാസത്തിൽ ശമ്പളം നൽകാനായി 65 കോടിയുടെ സഹായമാണ് മാനേജ്മെന്റ് സർക്കാരിനോട് തേടിയത്. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. എങ്കിലും പ്രതിസന്ധി കാലത്ത് തത്കാലം പണിമുടക്കാനില്ലെന്നും യൂണിയനുകൾ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *