• Fri. Sep 20th, 2024
Top Tags

ആദ്യ വിമാന യാത്രയുടെ ആഹ്ലാദാനുഭവങ്ങൾ പങ്കുവച്ച് വയോജനങ്ങൾ

Bydesk

Jun 7, 2022

കണ്ണൂർ∙ കോർപറേഷൻ സായം പ്രഭ പകൽ വീട്– സാമൂഹിക നീതി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ഉല്ലാസ യാത്രയിൽ പങ്കെടുത്ത 23 വയോധികർ കോർപറേഷൻ കൗൺസിൽ ഹാളിൽ ഒത്തു ചേർന്നു. കൊച്ചി മറൈൻഡ്രൈവിലെ ബോട്ടിങ്, ‌മെട്രോ യാത്ര, ആദ്യ വിമാന യാത്ര തുടങ്ങിയ അനുഭവങ്ങൾ ആഹ്ലാദത്തോടെ പങ്കുവച്ചു. 23 പേരിൽ 81 വയസ്സുകാരനായ താളിക്കാവ് സ്വദേശി സുരേന്ദ്രൻ ആയിരുന്നു ഏറ്റവും പ്രായമുള്ള യാത്രക്കാരൻ. യാത്രക്കാരായ ഹാഷിം, ധനലക്ഷ്മി, കൗമുദി, പ്രേമജം, പ്രഭാകരൻ എന്നിവരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.

വയോജനങ്ങളോടൊപ്പം ഡോക്ടറും നഴ്സുമാരും കെയർ ടേക്കറും സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 30 പേരാണ് കഴിഞ്ഞ ശനിയാഴ്ച രാവിലെ ജനശതാബ്ദി എക്സ്പ്രസിൽ കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയിലെത്തി കാഴ്ചകൾ കണ്ട് അന്ന് വൈകിട്ട് 6.45 നുള്ള ഇൻഡിഗോ വിമാനത്തിലാണ് കണ്ണൂരിലേക്ക് മടങ്ങിയത്. കോർപറേഷൻ കൗൺസിൽ ഹാളിൽ ഇവർക്ക് നൽകിയ സ്വീകരണം ഡപ്യൂട്ടി മേയർ കെ.ഷബീന ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ പി.ഷമീമ അധ്യക്ഷയായി.

സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന മൊയ്തീൻ, എം.പി.രാജേഷ്, സുരേഷ് ബാബു എളയാവൂർ,  കൗൺസിലർമാരായ കെ.പി.റാഷിദ്, പി വി.ജയസൂര്യൻ, ചിത്തിര ശശിധരൻ, മിനി അനിൽകുമാർ, കെ.നിർമല, സി.എം.പത്മജ, കെ.സീത, പി.കൗലത്ത്, പനയൻ ഉഷ, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥൻ കെ.പ്രദീപ് കുമാർ, ഡോ.ആൻസിയ അഷ്‌റഫ്‌, കെ.ശ്രീലത, സജ്‌ന ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *