• Fri. Sep 20th, 2024
Top Tags

രണ്ടിടത്ത് കെഎസ്ആർടിസി ബസ് ഇടിച്ചു; 35ലേറെ പേർക്ക് പരുക്ക്

Bydesk

Jun 9, 2022

ചിറ്റാരിപ്പറമ്പ് ∙ മാനന്തേരി മണ്ണന്തറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേർക്കും മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡരികിലെ തണൽ മരത്തിലിടിച്ച് ഡ്രൈവർ ഉൾപ്പെടെ 5 പേർക്കും പരുക്കേറ്റു. പരുക്കേറ്റവർ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. മാനന്തവാടിയിൽ നിന്ന് കണ്ണൂരിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് മണ്ണന്തറയിൽ വൈകിട്ട് 3.15നാണ് എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. ബസിന്റെയും ലോറിയുടെയും മുൻ ഭാഗങ്ങൾ  തകർന്നു.

ബസിൽ കുടുങ്ങിപ്പോയ ഡ്രൈവർ പേരാവൂർ സ്വദേശി ഹരികുമാറിനെ(48) ഗുരുതരമായ പരുക്കുകളോടെ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാലിന്റെ എല്ല് പൊട്ടി അവശനിലയിലായിരുന്നു ഹരികുമാർ. തലയ്ക്കും മുഖത്തും പരുക്കേറ്റവർ ഉൾപ്പെടെ 5 പേരെ കൂടി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ടിപ്പർ ലോറി ഡ്രൈവർ അരുൺ കൊട്ടിയൂർ(39), ക്ലീനർ സുധീഷ് പേരാവൂർ(38) എന്നിവർ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടി.

പരുക്കേറ്റവരിൽ കെ.ആതിര(25)യെയും പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കെ.കെ.ബാലകൃഷ്ണൻ മാങ്ങാട് (62), സജിത കൂവപ്പാടി(30), പുരുഷു (32), അബ്ദുൽ ലത്തീഫ് (64), ഉണ്ണികൃഷ്ണൻ (26), ശ്രീരാഗ്(17), സുരേന്ദ്രൻ (64), ശ്രീജ (52), ആനന്ദ് (21), സജിത (30), രാജേഷ്(39), സുരേഷ് ബാബു (54), അരുൺകുമാർ (50), ലിനിഷ (32), ബാലകൃഷ്ണൻ (47), സുബിൻ ജോസ് (46), ഹരികുമാർ (55), സിൻസി (30), ഗീതാനാഥ് (62), ജോസഫ് (62), ദാസൻ (65), ഹേമ (35) എന്നിവർ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ രാവിലെ പത്തോടെയാണ് കൊട്ടിയൂരിൽ നിന്ന് തലശ്ശേരിയിലേക്കു വരികയായിരുന്ന മറ്റൊരു കെഎസ്ആർടിസി ബസും മാനന്തേരിയിൽ അപകടത്തിൽപ്പെട്ടത്. മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ വണ്ണാത്തിമൂല റോഡ് കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട ബസ് റോഡിന് എതിർവശത്തെ കടയുടെ മുൻഭാഗം തകർത്ത് റോഡരികിലെ തണൽ മരത്തിലിടിച്ച് നിൽക്കുകയായിരുന്നു.

സംഭവത്തിൽ ബസ് ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു. ഇവർ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കടയുടെ മുൻവശത്തെ ഞാലിയും നെയിംബോർഡും തകരുകയും ചുമരിന് വിള്ളൽ വീഴുകയും ചെയ്തു. കുന്നിറക്കത്തിൽ ചാറ്റൽ മഴയിലാണ് ബസ് നിയന്ത്രണം വിട്ടത്. വാഹനാപകടങ്ങൾ സംബന്ധിച്ച് കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *