• Fri. Sep 20th, 2024
Top Tags

തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് അടിച്ചു തകർത്തു

Bydesk

Jun 14, 2022

തളിപ്പറമ്പ്∙ മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് തളിപ്പറമ്പിലും കോൺഗ്രസ് ഓഫിസിന് നേരെ അക്രമം. ഇന്നലെ രാത്രി എത്തിയ സംഘം പൂക്കോത്ത്നടയ്ക്ക് സമീപത്തുള്ള കോൺഗ്രസ് മന്ദിരം പൂർണമായും അടിച്ച് തകർത്തു. ഇതിന്റെ ഉള്ളിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച് നശിപ്പിക്കുകയും ചെയ്തു.

കീഴാറ്റൂരിൽ നിന്നുള്ള സിപിഎം പ്രവർത്തകരാണ് ഓഫിസ് തകർത്തതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. രാത്രി 9ന് ഇവിടെയുണ്ടായിരുന്ന പ്രവർത്തകർ പോയതിന് ശേഷമാണ് ബൈക്കുകളിലും മറ്റുമായി എത്തിയവർ ഓഫിസിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി മുറികളിൽ ഉണ്ടായിരുന്ന ഫർണിച്ചർ പൂർണമായും തല്ലി തകർത്തത്. മേശകളും അലമാരകളും കസേരകളും അടിച്ച് തകർത്ത നിലയിലാണ്.

ഇവിടെ നിർത്തിയിട്ടിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിസാം മയ്യിലിന്റെ സ്കൂട്ടറാണ് തീ വച്ച് നശിപ്പിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു. ഓഫിസ് ആക്രമിച്ച വിവരമറിഞ്ഞ് എത്തിയ കോൺഗ്രസ് പ്രവർത്തകർ അക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി. കോ‍ൺഗ്രസ് ഓഫിസിന് നേരെയുണ്ടായ അക്രമത്തിൽ സതീശൻ പാച്ചേനി പ്രതിഷേധിച്ചു.

∙തളിപ്പറമ്പിൽ തൃച്ചംബരം പാലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസായ പ്രിയദർശനി മന്ദിരവും ഇന്നലെ രാത്രി തകർത്തു. പൂക്കോത്ത് നടയ്ക്ക് സമീപത്തുള്ള കോൺഗ്രസ് മന്ദിരം തകർത്ത ശേഷമാണ് ഇവിടെയും ആക്രമണം നടത്തുന്നത്. ഓഫീസ് സാമഗ്രികൾ പൂർണമായും അടിച്ചുതകർത്തു. ഏതാനും മാസങ്ങൾക്കുമുമ്പ് ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് കൊല്ലപ്പെട്ടതിനെ തുടർന്ന് ഈ  ഓഫീസ് പൂർണമായും തകർത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *