• Fri. Sep 20th, 2024
Top Tags

100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില്‍ അനധികൃത നിയമനങ്ങളും: 31 പേരെ അനധികൃതമായി നിയമിച്ചു

Bydesk

Jun 16, 2022

തിരുവനന്തപുരം: സഹകരണ വകുപ്പ് അന്വേഷണത്തില്‍ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും താല്‍ക്കാലിക ജീവനക്കാരടക്കം 75 പേരെ അനധികൃതമായി നിയമിച്ചെന്ന് കണ്ടെത്തി. 25 കൊല്ലമായി പ്രസിഡന്‍റായി തുടരുന്ന ഭാസുരാംഗന്‍റെ മൂന്ന് അടുത്ത ബന്ധുക്കളെയും ജീവനക്കാരാക്കി. 15 വര്‍ഷത്തിനിടെ 22 കോടി രൂപ ജീവനക്കാര്‍ക്ക് അനര്‍ഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാന്‍ വിനിയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സിപിഐ നേതാവായ ഭാസുരാംഗന്‍ പ്രസിഡന്‍റായ കണ്ടല സഹകരണ ബാങ്കിലും കണ്ടല സഹകരണ ആശുപത്രിയിലുമായി നിരവധി അനധികൃത നിയമനങ്ങളാണ് സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സഹകരണ ബാങ്കില്‍ മാത്രം രണ്ട് സ്ഥിര നിയമനം അടക്കം 31 പേരെയാണ് നിയമവും ചട്ടവും ലംഘിച്ച് നിയമിച്ചത്. കണ്ടല സഹകരണ ആശുപത്രിയില്‍ തസ്തികയ്ക്ക് അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ നിയമനം നടന്നു കഴിഞ്ഞു. താല്‍ക്കാലികക്കാര്‍ അടക്കം 45 പേരെയാണ് കണ്ടല സഹകരണ ആശുപത്രിയില്‍ അനധികൃതമായി നിയമിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നെ പ്രൊമോഷനും സ്ഥിരപ്പെടുത്തലും പലതും മാനദണ്ഡമൊന്നും പാലിക്കാതെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനിടയില്‍ പ്രസിഡണ്ട് ഭാസുരാംഗന്‍റെ ജ്യേഷഠന്‍റെ മകന്‍ അഖിലേഷും അഖിലേഷിന്‍റെ ജ്യേഷഠന്‍റെ ഭാര്യയും ഭാസുരാംഗന്‍റെ അളിയന്‍റെ ഭാര്യയും നിയമനം നേടി. സമീപകാലത്ത് സെക്രട്ടറിയായി വിരമിച്ച രണ്ട് പേരുടെയും മക്കള്‍ക്കും ബാങ്കില്‍ ജോലിയുണ്ട്. എന്നാല്‍ നിയമനത്തിനായി രജിസ്ട്രാര്‍ക്ക് അപേക്ഷിച്ചാല്‍ അനുമതി കിട്ടാത്തത് കൊണ്ടാണ് നിയമിക്കേണ്ടി വന്നതെന്ന വിചിത്ര വാദമാണ് ഭാസുരാംഗന്‍ മുന്നോട്ട് വെക്കുന്നത്.

വര്‍ഷങ്ങളായി ബാങ്ക് റീ ക്ലാസിഫൈ ചെയ്യാത്ത് കൊണ്ട് ഇപ്പോഴും ക്ലാസ് ഒന്നായാണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ബാങ്ക് ക്ലാസ് അഞ്ചില്‍ ആവേണ്ടതാണ്. പക്ഷേ ക്ലാസ് ഒന്നിലുള്ള കൂടിയ ശമ്പളമാണ് ജീവനക്കാര്‍ക്ക് കൊടുത്തുവരുന്നത്. ഇങ്ങനെ കൊടുക്കുന്ന ശമ്പളവും ചട്ടം ലംഘിച്ച് നിയമിച്ചവര്‍ക്കും അടക്കം ഇതുവരെ 22 കോടി രൂപ അധികമായി ശമ്പളയിനത്തില്‍ ബാങ്കിന് കൊടുക്കേണ്ടി വന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *