• Fri. Sep 20th, 2024
Top Tags

പനി പടരുന്നു; ജാഗ്രത വേണം

Bydesk

Jun 21, 2022

കണ്ണൂർ ∙ ജൂൺ പിറന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും മഴ കനത്തു പെയ്യാൻ തുടങ്ങിയില്ലെങ്കിലും ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. ജലദോഷപ്പനി അഥവാ വൈറൽ പനിയും എലിപ്പനിയും ഡെങ്കിപ്പനിയുമെല്ലാം ബാധിക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡിഎംഒ ഡോ.നാരായണ നായ്ക് പറഞ്ഞു. ഏപ്രിൽ മാസത്തിൽ ജില്ലയിൽ പനി ബാധിതരായവർ പതിനയ്യായിരത്തോളമായിരുന്നു. മേയിൽ ഇത് 20,650 ആയി. ഈ മാസം 19 വരെ മാത്രം 17,690 പേർ പനി ബാധിതരായി.

പനിബാധിച്ച് 1000–1100 പേർ വരെ ചികിത്സ തേടിയ ദിവസങ്ങളാണ് ജൂണിൽ ഏറെയും. മഴക്കാലരോഗ സാധ്യത വർധിച്ചതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ(ആരോഗ്യം) അറിയിച്ചു. ജലദോഷപ്പനി ബാധിച്ചാൽ വീട്ടിൽ വിശ്രമിക്കുകയും ആവശ്യത്തിനു വെള്ളം കുടിക്കുകയും പോഷകങ്ങൾ അടങ്ങിയ, എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും വേണം. ആവശ്യമെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ഡിഎംഒ പറഞ്ഞു.

എലിപ്പനി: ഈ മാസം 2 മരണം

എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രണ്ടു പേർ അടുത്ത ദിവസങ്ങളിലായി മരിച്ചത് ജാഗ്രത വേണമെന്നതിലേക്കാണു വിരൽ ചൂണ്ടുന്നത്. എലിപ്പനി ലക്ഷണങ്ങളോടെ 33 പേരാണ് ഈ വർഷം ജില്ലയിലെ ആശുപത്രികളിൽ ചികിത്സ തേടിയത്. പരിശോധനയിൽ 5 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

തൊഴിലുറപ്പു പദ്ധതിയിലും മറ്റും ജോലി ചെയ്യുന്നവരും മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും പ്രതിരോധ ചികിത്സ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ 100 മില്ലി ഗ്രാമിന്റെ 2 ഗുളികകൾ ജോലിക്ക് ഇറങ്ങുന്നതിന്റെ തലേദിവസം കഴിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. 6-8 ആഴ്ച വരെ ആഴ്ചയിലൊരിക്കൽ വീതം തുടർച്ചയായി ഗുളികകൾ കഴിക്കാം. ഈ ജോലി തുടരുന്നുണ്ടെങ്കിൽ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം(രണ്ട് ആഴ്ചയ്ക്കു ശേഷം) വീണ്ടും ഗുളികകൾ കഴിക്കണം.

ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശീവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. കണ്ണിൽ ചുവപ്പ്, മൂത്രം കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം. എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മൂത്രം വഴി മണ്ണിലും വെളളത്തിൽ എത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണു രോഗം ഉണ്ടാകുന്നത്.

ഡെങ്കിപ്പനി 26 പേർക്ക്

പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ജില്ലയിൽ ഈ വർഷം ഇതുവരെ 26 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കി ലക്ഷണങ്ങളോടെ 196 പേർ ചികിത്സ തേടി. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകൾക്ക് പിറകിൽ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാം പനി പോലെ നെഞ്ചിലും മുഖങ്ങളിലും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *