• Fri. Sep 20th, 2024
Top Tags

തിരിമുറിയാതെ മഴ; തിരുവാതിര ഞാറ്റുവേലയെത്തി

Bydesk

Jun 22, 2022

ഇരിട്ടി ∙ കൃഷിയിറക്കാൻ പ്രകൃതി കനിഞ്ഞു നൽകിയ ഏറ്റവും ഉചിതമായ കാലഘട്ടമായ തിരുവാതിര ഞാറ്റുവേലയെത്തി, ഒപ്പം തിരിമുറിയാതെ മഴയും. കൃഷിയിറക്കാൻ അനുയോജ്യമായ 27 ഞാറ്റുവേലകളിൽ ഏറ്റവും ഗുണകരമായ തിരുവാതിര ഞാറ്റുവേല ഇന്നലെയാണു തുടങ്ങിയത്. ജൂലൈ 3 വരെയാണ് തിരുവാതിര ഞാറ്റുവേല സമയം. തൈകളും ചെടികളും നടാനും വിത്തു വിതയ്ക്കാനും പറിച്ചു മാറ്റി വയ്ക്കാനുമെല്ലാം അനുകൂല കാലാവസ്ഥയാണിത്. ഞാറ്റുവേലയിൽ നടുന്നവയെല്ലാം തഴച്ചു വളരുമെന്നാണ് കർഷകരുടെ അനുഭവം.

തിരിമുറിയാതെ മഴ പെയ്യുമെങ്കിലും വെയിലും കിട്ടുന്ന കാലമാണിത്. അതുകൊണ്ടു കൂടിയാണ് ചെടികൾ നടാൻ യോജിച്ച സമയമായി ഇതു മാറുന്നത്. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ ഞാറ്റില എന്ന പേരിൽ തിരുവാതിര ഞാറ്റുവേല ആഘോഷം ഇന്ന് 9.30ന് നടക്കും. കുരുമുളക് തൈ നടീലും ഫാം തൊഴിലാളികൾക്കുള്ള വിശ്രമകേന്ദ്രം തുറന്നു കൊടുക്കലും പിആർഎസ് കുരുമുളക് കാപ്പിക്കൂട്ട് വിതരണ ഉദ്ഘാടനവും നടക്കും. പ്രഫ. കെ.പി.ജയരാജൻ പ്രചോദന പ്രഭാഷണം നടത്തും. ഗവേഷണ കേന്ദ്രം മേധാവി സി.കെ.യാമിനി വർമ അധ്യക്ഷത വഹിക്കും.

എന്താണ് ഞാറ്റുവേല

ഞായറിന്റെ (സൂര്യന്റെ) വേളയാണു (സമയം) ഞാറ്റുവേലയായി മാറിയത്. ഒരു വർഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളർച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചിട്ടുള്ളത്. ഭൂമിയിൽ നിന്നു സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന്റെ അടുത്താണോ നിൽക്കുന്നത് അതാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്. അതായത് സൂര്യന്റെ സ്ഥാനം തിരുവാതിര നക്ഷത്രത്തിലാണെങ്കിൽ അത് തിരുവാതിര ഞാറ്റുവേല.

അങ്ങനെ അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകീര്യം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്.മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈർഘ്യം പതിമൂന്നര ദിവസമാണെങ്കിൽ തിരുവാതിരയുടേത് 15 ദിവസമാണ്. 27 ഞാറ്റുവേലകളിൽ 10 എണ്ണം നല്ല മഴ ലഭിക്കുന്നവയാണ്. ഞാറ്റുവേല രാത്രി പിറക്കണമെന്നാണ് പഴമക്കാർ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *