• Fri. Sep 20th, 2024
Top Tags

നിലനിൽപിനായുള്ള പോരാട്ടം; കർഷക പ്രതിഷേധം ഇരമ്പി

Bydesk

Jun 22, 2022

ആലക്കോട് ∙ കാർഷിക മേഖലയിൽ നിലനിൽപിനായി പോരാടുന്ന കർഷകരുടെ കരച്ചിലും കണ്ണീരും ഭരണകർത്താക്കൾ കാണാതെ പോകരുതെന്നും അവരുടെ ആശങ്കകൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ഡോ.ഫിലിപ് കവിയിൽ ആവശ്യപ്പെട്ടു. ബഫർസോൺ പ്രഖ്യാപനത്തിനും കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയ്ക്കുമെതിരെയും 400 കെവി വൈദ്യുതലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്കാ കോൺഗ്രസ് ആലക്കോട് ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് കൃഷിഭവനിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരസമിതി ചെയർമാൻ ടോമി കണയിങ്കൽ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ.മാണി ആട്ടേൽ, ഫാ.അനീഷ് ചക്കിട്ടമുറി, ടോമി കുമ്പിടിയാമാക്കൽ എന്നിവർ പ്രസംഗിച്ചു. ആലക്കോട് ടൗണിൽ നിന്നാരംഭിച്ച മാർച്ചിൽ ഒട്ടേറെ വൈദികരും കന്യാസ്ത്രീകളും പങ്കെടുത്തു. അതേസമയം, മലയോരത്തെ കർഷകർ നാനാതരത്തിലുള്ള വെല്ലുവിളികൾ നേരിടുകയാണ്. കാർഷിക വിളകളുടെ വിലത്തകർച്ചയും വിളകളെ ബാധിക്കുന്ന വിവിധ രോഗങ്ങളും കാർഷിക മേഖലയെ ആകെ പ്രതിസന്ധിയിലാക്കി. ഇതിനുപുറമെയാണു കാട്ടുമൃഗങ്ങളുടെ ശല്യവും. കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് എന്നിവയ്ക്കു പുറമേ കർണാടക വനാതിർത്തിയിൽ കാട്ടാനശല്യവും രൂക്ഷമാണ്. വിളവെടുപ്പിനോട് അടുക്കുമ്പോൾ എല്ലാ കൃഷികളും നശിപ്പിക്കപ്പെടുന്ന അവസ്ഥയാണ്.

വിളകളുടെ എല്ലാം വിലത്തകർച്ച കർഷകർക്കു താങ്ങാനാകുന്നില്ല. മെച്ചപ്പെട്ട വില ലഭിച്ചുകൊണ്ടിരുന്ന അടയ്ക്കയുടെ വിലയും ഇപ്പോൾ കുറയുകയാണ്. ഈ പ്രതിസന്ധികൾക്കു പുറമേയാണ് ഉള്ള കൃഷിയും നശിപ്പിച്ചുകൊണ്ട് കൃഷിയിടങ്ങളിലൂടെ 400 കെവി വൈദ്യുതലൈൻ സ്ഥാപിക്കുന്നത്. നിർദിഷ്ട കരിന്തളം-വയനാട് വൈദ്യുതലൈൻ സ്ഥാപിക്കപ്പെടുമ്പോൾ ഒട്ടേറെ കൃഷികളാണു നശിക്കുന്നത്. പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇതുമൂലമുണ്ടാകുന്നത്. ഒടുവിൽ കർഷകർക്ക് ഇരുട്ടടിയായി വന്നത് ബഫർസോൺ പ്രഖ്യാപനമാണ്.

തളിപ്പറമ്പ് ∙ ബഫർ സോൺ പ്രഖ്യാപനത്തിനും കാർഷിക ഉൽപന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് എതിരെയും കത്തോലിക്ക കോൺഗ്രസ് ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക രോഷാഗ്നിയുടെ ഭാഗമായി പോസ്റ്റ് ഓഫിസിലേക്ക് പ്രകടനവും ധർണയും നടത്തി. തലശ്ശേരി അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.ബെന്നി നിരപ്പേൽ ഉദ്ഘാടനം ചെയ്തു. മാത്യു മൂന്നുപീടികയിൽ അധ്യക്ഷത വഹിച്ചു. അതിരൂപത വൈസ് പ്രസിഡന്റ് ജോർജ് വടകര, ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ, ദേവസ്യാച്ചൻ കൂന്താനം, മാത്യു വട്ടക്കുന്നേൽ, ചാക്കോ കരികിലാംതടം ,ജോസ് പള്ളിപ്പറമ്പിൽ, ഫൊറോന പ്രസിഡന്റ് മാർട്ടിൻ കൊട്ടാരം എന്നിവർ പ്രസംഗിച്ചു.

പയ്യാവൂർ ∙ ബഫർ സോൺ പ്രഖ്യാപനത്തിനും കാർഷിക വിളകളുടെ വിലത്തകർച്ചയ്ക്കുമെതിരെ കത്തോലിക്ക കോൺഗ്രസ് ചെമ്പേരി ഫൊറോനയുടെ നേതൃത്വത്തിൽ ചെമ്പേരി കൃഷിഭവനിലേക്കു നടന്ന കർഷക പ്രതിഷേധ പ്രകടനവും ധർണയും തലശ്ശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. ഡോ: ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. ചെമ്പേരി ഫൊറോന വികാരി ഫാ. ഡോ:ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു.

ഫൊറോന ഡയറക്ടർ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി വൈസ് പ്രസിഡന്റ് ബേബി നെട്ടനാനി, ചെമ്പേരി മേഖലാ പ്രസിഡന്റ് ജിമ്മി ആയിത്തമറ്റം, രൂപത സെക്രട്ടറി അബ്രഹാം ഈറ്റക്കൽ, ഷീബ  തെക്കേടത്ത്, രൂപത യൂത്ത് കോർഡിനേറ്റർ സിജോ കണ്ണേഴത്ത്, അബ്രഹാം തോണക്കര, ബാബു ആക്കാട്ട് എന്നിവർ പ്രസംഗിച്ചു.

ശ്രീകണ്ഠപുരം ∙ ബഫർ സോൺ പ്രഖ്യാപനത്തിനും കാർഷിക വിളകളുടെ  വിലത്തകർച്ചയ്ക്കും എതിരെ കത്തോലിക്ക കോൺഗ്രസ് ചെമ്പൻതൊട്ടി ഫൊറോനയുടെ നേതൃത്വത്തിൽ ചെങ്ങളായി കൃഷിഭവനിലേക്കു പ്രകടനവും, തുടർന്ന് ധർണയും നടത്തി. ഫൊറോന ഡയരക്ടർ ഫാ.ജോർജ് ചാലിൽ ഉദ്ഘാടനം ചെയ്തു. ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഡേവിസ് ആലങ്ങാടൻ, സുരേഷ് ജോർജ്, ഷാജി ചുക്കനാനി, സൈജോ ജോസഫ്, അനിൽ മണ്ണാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *