• Thu. Sep 19th, 2024
Top Tags

കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയുമായി നാട്; കണ്ണീരോർമകളിൽ ഇനി ആ അച്ഛനും മകനും

Bydesk

Jul 1, 2022

ഏച്ചൂർ ∙ പന്ന്യോട്ട് കരിയിൽ ദേവീകുളത്തിൽ മുങ്ങി മരിച്ച അച്ഛനും മകനും ബന്ധുക്കളുടെയും നാട്ടുകാരുടെയും വികാരനിർഭരമായ യാത്രാമൊഴി. നീന്തൽ പരിശീലനത്തിനിടെ ഏച്ചൂർ സഹകരണ ബാങ്ക് സെക്രട്ടറി ചേലോറ ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപം ചന്ദ്രകാന്തം ഹൗസിൽ പി.പി.ഷാജി, മകൻ ജ്യോതിരാദിത്യ എന്നിവരാണു മുങ്ങി മരിച്ചത്. ജ്യോതിരാദിത്യനെ നീന്തൽ പഠിപ്പിക്കാൻ ഒപ്പം വന്നതായിരുന്നു ഷാജി. പരിശീലകൻ വരാത്തതിനാൽ തനിച്ചു നീന്താൻ ശ്രമിക്കവേ മകനും മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും വെള്ളത്തിൽ അകപ്പെടുകയായിരുന്നു.

ബുധനാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കണ്ണൂർ എകെജി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്നലെ രാവിലെ 8ന് പന്ന്യോട്ടെ ഷാജിയുടെ തറവാട് വീട്ടിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്ന് വിലാപയാത്രയായി 9.30ന് ഏച്ചൂരിൽ എത്തിച്ച് ബാങ്ക് പരിസരത്തും 10.30ന് ചേലോറയിലെ വീട്ടിലും പിന്നീട് ചേലോറ ഗവ.ഹയർസെക്കൻഡറി സ്കൂളിലും പൊതുദർശനത്തിനു വച്ചു. തുടർന്ന് പയ്യാമ്പലത്തു സംസ്കരിച്ചു.

ഇരുവരുടെയും ചിതയ്ക്ക് ഷാജിയുടെ ഇളയ മകൻ ജഗത് വിഖ്യാത് തീ കൊളുത്തി. പന്ന്യോട്ടെ തറവാട് വീട്ടിൽ ഷാജിയുടെ അമ്മ കമലാക്ഷിയും ചേലോറ ചന്ദ്രകാന്തത്തിൽ ഭാര്യ ഷംനയും മകൻ ജഗത് വിഖ്യാതും മൃതദേഹങ്ങളിൽ അന്ത്യചുംബനം നൽകിയതു കരളുലയ്ക്കുന്ന നിമിഷങ്ങളായിരുന്നു. പ്രതികൂല കാലാവസ്ഥയിലും ഇരുവർക്കും അന്ത്യാഞ്ജലിയർപ്പിക്കാൻ ഒട്ടേറെ പേരാണു വിവിധ സ്ഥലങ്ങളിൽ എത്തിയത്.

കോർപറേഷൻ മേയർ ടി.ഒ.മോഹനൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു തുടങ്ങി ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയ്ക്കു വേണ്ടി പി.കെ.രാഘവൻ പുഷ്പചക്രം അർപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *