• Fri. Sep 20th, 2024
Top Tags

കാലവർഷത്തിലും വെള്ളമില്ലാതെ പരിയാരം ഗവ.മെഡിക്കൽ കോളജ്

Bydesk

Jul 1, 2022

പരിയാരം ∙ കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജിലെ ജലക്ഷാമത്തിനു പരിഹാരമില്ല. ആവശ്യത്തിനു വെള്ളം കിട്ടാത്തതിനാൽ വിദ്യാർഥികളെ ദുരിതമനുഭവിക്കുകയാണ്. മെഡിക്കൽ കോളജ്, ആശുപത്രി, നഴ്സിങ് കോളജ്, പാരാമെഡിക്കൽ കോളജ്, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, വിദ്യാർഥി ഹോസ്റ്റൽ എന്നീ സ്ഥാപനങ്ങൾ പരിയാരം മെഡിക്കൽ കോളജ് ക്യാംപസിലുണ്ട്. എന്നാൽ കാലവർഷത്തിലും ചില ദിവസങ്ങളിൽ വിദ്യാർഥി ഹോസ്റ്റലിൽ പ്രാഥമികകൃത്യങ്ങൾക്കു പോലും വെള്ളം ലഭിക്കുന്നില്ലെന്നു വിദ്യാർഥികൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഹോസ്റ്റലിൽ വെള്ളമില്ലാത്തതിനാൽ വിദ്യാർഥികൾ കോളജ് പ്രിൻസിപ്പൽ ഓഫിസിനു മുൻപിൽ പ്രതിഷേധ സമരം നടത്തി.

ആശ്രയം വണ്ണാത്തിപ്പുഴ

മെഡിക്കൽ കോളജ് ക്യാംപസിലെ വിവിധ സ്ഥാപനത്തിലേക്കു വെള്ളം എത്തിക്കുന്നത് ചന്തപ്പുര വണ്ണത്തിപ്പുഴയിൽ നിന്നാണ്. പുഴയുടെ അരികിലായി വലിയ കിണറും പമ്പ് ഹൗസും വർഷങ്ങൾക്കു മുൻപേ സ്ഥാപിച്ചിരുന്നു. ചന്തപ്പുര–പിലാത്തറ വഴി ദേശീയപാതയുടെ അരികിലെ പെപ്പ് സ്ഥാപിച്ചാണു വെള്ളം പരിയാരം മെഡിക്കൽ കോളജിൽ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം പിലാത്തറയിൽ ദേശീയപാത നവീകരണ പ്രവൃത്തി നടക്കുന്നതിനിടയിൽ പെപ്പ് പൊട്ടി. ഇതിനെ തുടർന്നു ജലവിതരണം നിലച്ചു. പൈപ്പ് കുഴിച്ചിട്ട റോഡിലൂടെ നവീകരണത്തിനായി ഭാരമുള്ള വാഹനം കടന്നു പോകുന്നതു പലപ്പോഴും പൈപ്പ് പൊട്ടാൻ കാരണമാകുന്നതായി ആശുപത്രി അധികൃതർ പറയുന്നു.

ദേശീയപാത വികസനം: കിണറും കൊണ്ടു പോയി

ദിവസവും 22 മണിക്കൂർ വീതം പരിയാരം മെഡിക്കൽ കോളജിന് ആവശ്യമായ വെള്ളം പമ്പു ചെയ്ത കിണർ നഷ്ടമായതും ജലക്ഷാമം രൂക്ഷമാക്കാൻ കാരണമായി. ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പരിയാരം എമ്പേറ്റിൽ സ്ഥാപിച്ച പരിയാരം മെഡിക്കൽ കോളജിന്റെ കിണറും പമ്പ് ഹൗസും വികസനത്തിൽ നഷ്ടമായത്.

ജലരേഖയായി മഴവെള്ള സംഭരണി

മെഡിക്കൽ കോളജിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായാണു കൂറ്റൻ സംഭരണി നിർമിച്ചത്. ഒരേക്കർ സ്ഥലത്തുള്ള സംഭരണിയിൽ ഒരു കോടി ലീറ്റർ മഴവെള്ളം സംഭരിക്കാൻ സാധിക്കും. എന്നാൽ 60 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച ജലസംഭരണി ഉപയോഗപ്രദമാക്കാതെ നശിച്ചു. ഇപ്പോൾ വെറും കൊതുകു വളർത്തൽ കേന്ദ്രമാണിത്.

ജലക്ഷാമത്തിന് പരിഹാരം വേണം

മെഡിക്കൽ കോളജ് ആശുപത്രിയുടെയും മറ്റു സ്ഥാപനത്തിലെയും ജലക്ഷാമത്തിനു ശാശ്വതമായ പരിഹാരത്തിനു അധികൃതർ പുതിയ ജലപദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. മെഡിക്കൽ കോളജിന് അടുത്തുള്ള അലക്യം തോടിനു സമീപം പുതിയ കിണറും പമ്പ് ഹൗസും നിർമിച്ചും ജലസംഭരണി പ്രയോജനപ്പെടുത്തിയും ജലക്ഷാമം പരിഹരിക്കണം. ഉടൻ ദേശീയപാതയിലെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

വെള്ളമില്ല; വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി

പരിയാരം ∙ കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജ് വിദ്യാർഥി ഹോസ്റ്റലിൽ വെള്ളമില്ലാതായതോടെ വിദ്യാർഥികൾ ക്യാംപസിനു മുന്നിൽ ബക്കറ്റുമായി കുത്തിയിരിപ്പു സമരം നടത്തി.  മെഡിക്കൽ കോളജ് വിദ്യാർഥി  ഹോസ്റ്റലിലെ ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടു വിദ്യാർഥികൾ ഒട്ടേറെ തവണ കോളജ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവഗണനയാണു ഫലം.  ഇന്നലെ രാവിലെ വിദ്യാർഥികൾ കാലി ബക്കറ്റുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിനു സമീപം സമരം നടത്തി.

തുടർന്നു വിദ്യാർഥികളും കോളജ് അധികൃതരും നടത്തിയ ചർച്ചയിൽ പൊട്ടിയ പൈപ്പുകൾ നന്നാക്കി വെള്ള വിതരണം പുനഃസ്ഥാപിക്കാനും എല്ലാ വിദ്യാർഥി ഹോസ്റ്റലിലും 10,000 ലീറ്ററിന്റെ പുതിയ ടാങ്കുകൾ സ്ഥാപിച്ചു വെള്ളം സംഭരിക്കാനും തീരുമാനിച്ചു. ഇതിനെ തുടർന്നാണു പ്രതിഷേധ സമരം വിദ്യാർഥികൾ താൽക്കാലികമായി അവസാനിപ്പിച്ചത്. ‌ പ്രതിഷേധ സമരത്തിന് നഴ്സിങ് കോളജ് വിദ്യാർഥി യൂണിയൻ ചെയർപഴ്സൻ പി.ആര്യ, ജനറൽ സെക്രട്ടറി ടിനു ശ്യംജിത്ത് എന്നിവർ നേതൃത്വം നൽകി.

അപമര്യാദയായി പെരുമാറിയെന്ന് പരാതി

പരിയാരം ∙ വെള്ളം മുടങ്ങിയ പരാതി പ്രിൻസിപ്പലിനോട് അറിയിക്കാൻ എത്തിയ വിദ്യാർഥിനികളോടു ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതായി പരാതി. ഹൗസ് സർജൻസി വിഭാഗത്തിലെ വിദ്യാർഥികൾ ഇന്നലെ വെള്ളം ലഭിക്കാത്ത പരാതി പ്രിൻസിപ്പാലിനെ അറിയിക്കാൻ എത്തിയപ്പോഴാണു വിദ്യാർഥികളോടു ഭീഷണി സ്വരത്തിൽ ജീവനക്കാരൻ പെരുമാറിയതെന്നാണു പരാതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *