• Fri. Sep 20th, 2024
Top Tags

കനത്ത മഴ; കണ്ണൂർ ജില്ലയിൽ 4 വരെ യെലോ അലർട്ട്

Bydesk

Jul 1, 2022

കണ്ണൂർ ∙ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നു മുതൽ 4 വരെ ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ തളിപ്പറമ്പിൽ 32.4 മില്ലീമീറ്റർ, തലശ്ശേരിയിൽ 47.4 മില്ലീമീറ്റർ, ഇരിക്കൂറിൽ 32 മില്ലീമീറ്റർ, കണ്ണൂരിൽ 46.4 മില്ലീമീറ്റർ എന്നിങ്ങനെ മഴ രേഖപ്പെടുത്തി. കണ്ണൂർ, ചെറുവാഞ്ചേരി, മട്ടന്നൂർ, ആറളം ഭാഗങ്ങളിൽ ഇന്നലെ രാവിലെ വരെ 40 മുതൽ 45 മില്ലീമീറ്റർ വരെ മഴ ലഭിച്ചു. അടുത്ത 24 മണിക്കൂറിനിടെ 20 മുതൽ 120 മില്ലീമീറ്റർ വരെ മഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

മഴ കനത്തതോടെ മലയോര മേഖലകളിൽ പുഴകളും തോടുകളും കര കവിഞ്ഞൊഴുകാൻ തുടങ്ങി. തേജസ്വിനിപ്പുഴ ഇന്നലെ രാവിലെ കര കവിഞ്ഞൊഴുകി. ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇന്നലെയുണ്ടായത്. കൂത്തുപറമ്പ് മാനന്തേരിയിൽ തേങ്കാട് തോടിന്റ അരിക് ഇടിഞ്ഞു കൂറ്റൻ മരം ഉൾപ്പെടെ വെള്ളത്തിലായി. തേങ്കാട് വണ്ണാത്തിമൂല ഭാഗത്തേക്കുള്ള പാലത്തിനു സമീപത്തെ 3 വീട്ടുകാർ ഇതോടെ കരയിടിച്ചിൽ ഭീഷണിയിലായി.

കുണ്ടുംകര വീട്ടിൽ പുതുശ്ശേരി രാജൻ, കരുവാത്ത് പത്മിനി, പി.സുമേഷ് എന്നിവരുടെ വീടുകളാണു മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. ചിറ്റാരിപ്പറമ്പ് പതിനാലാം മൈലിൽ വൻമരം കടപുഴകി വീണ് തലശ്ശേരി – ബാവലി സംസ്ഥാനാന്തര പാതയിൽ ഏറെനേരം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണു പുളി മരം കടപുഴകി റോഡിനു കുറുകെ വീണത്. കണ്ണവം പൊലീസും കൂത്തുപറമ്പ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തിന്റെ ഫലമായാണു ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.

കാറ്റിലും മഴയിലും മേലെചൊവ്വയിൽ നിർത്തിയിട്ട സ്കൂൾ ബസുകൾക്കു മുകളിൽ മരം വീണു. ഇന്നലെ പുലർച്ചെയാണു സംഭവം. തുഞ്ചത്താചാര്യ വിദ്യാലയത്തിന്റെ ബസുകൾക്കാണു മരം വീണു കേടുപാട് സംഭവിച്ചത്. തലശ്ശേരി കാവുംഭാഗം കാരായി ബസ് സ്റ്റോപ്പിനു സമീപത്തെ വയൽ റോഡിൽ വെള്ളം കയറി. ഇതുവഴി വാഹനയാത്രയും കാൽനടയാത്രയും ദുരിതപൂർണ്ണമായി. സമീപത്തെ വീട്ടുകാർക്കു പുറത്തിറങ്ങാൻ പറ്റാത്ത നിലയാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *