• Thu. Sep 19th, 2024
Top Tags

‘പൈതൃകം’ ആക്കുന്നതിന് മുന്നോടിയായി; ഇരിട്ടി പഴയ പാലം സംരക്ഷണ പ്രവൃത്തികൾ തുടങ്ങി

Bydesk

Jul 2, 2022

ഇരിട്ടി∙ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ആവശ്യം ഒടുവിൽ അധികൃതർ പരിഗണിച്ചു.   ചരിത്ര പ്രാധാന്യം ഉള്ള ഇരിട്ടി പഴയ പാലം ‘പൈതൃകം’ ആയി സംരക്ഷിക്കുന്നതിനു മുന്നോടിയായി മരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികൾ തുടങ്ങി. ഇരുമ്പ് മേൽക്കൂടിൽ കണ്ടെയ്നർ ലോറികൾ ഇടിച്ചു തകർന്ന ഭാഗങ്ങൾ പുന:സ്ഥാപിക്കുക, അരികു ഭിത്തി പുനർനിർമിക്കുക, സ്ലാബ് അറ്റകുറ്റപ്പണി എടുക്കുക, ക്രോസ് ഗർഡറുകളുടെ തകർച്ച പരിഹരിക്കുക എന്നീ പ്രവൃത്തികളാണ് നടത്തുന്നത്. പാലം പൂർണമായി പെയിന്റിങ്ങും നടത്തും.

കൊച്ചി പത്മജ ഗ്രൂപ്പാണ് 12 ലക്ഷം രൂപയുടെ പ്രവൃത്തി കരാർ എടുത്തിരിക്കുന്നത്. 1 മാസത്തേക്ക് പാലത്തിൽ ഗതാഗതം നിരോധിച്ചാണു പ്രവൃത്തി നടത്തുന്നത്.   പുതിയ പാലം പണി കഴിഞ്ഞതോടെ ചരിത്ര പ്രാധാന്യം ഉള്ള പഴയ പാലം അധികൃതർ പൂർണമായും അവഗണിക്കുന്നതായി പരാതി ഉയർന്നിരുന്നു. 3 വർഷം മുൻപ് ഇരിട്ടി പഴയ പാലം പൈതൃകം ആക്കുമെന്നു പ്രഖ്യാപിച്ചതാണ് .എങ്കിലും അടിയന്തര അറ്റകുറ്റപ്പണികൾ പോലും നടത്താത്തതും വിമർശനത്തിനു കാരണം ആയി.

1933 ൽ ബ്രിട്ടിഷുകാർ പണിത ഇരിട്ടി പാലം നിർമാണ വൈദഗ്ധ്യം കൊണ്ടും മനോഹാരിത കൊണ്ടും ശ്രദ്ധയാകർഷിച്ചതാണ്. കൂറ്റൻ ഇരുമ്പു പാളികൾ കൊണ്ട് പണിത കവചത്തിനുള്ളിലെന്ന നിലയിലാണ് പാലം. മേൽക്കൂട് ഭാരം താങ്ങുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തിയത്.   കാലപ്പഴക്കം തീർക്കുന്ന ബലക്ഷയവും നാടിന്റെ വളർച്ചയ്ക്ക് ആനുപാതികമായി പാലത്തിന് വീതിയില്ലാത്തതിനെ തുടർന്നുള്ള ഗതാഗത കുരുക്കും അപകട ഭീഷണിയും വിലയിരുത്തിയാണ് പുതിയ പാലം പണിതത്.

പൈതൃക ആവശ്യം ഉയർന്നതിൽ ടൂറിസം പ്രാധാന്യവും

കാലപ്പഴക്കം അതിജീവിച്ച് കരുത്തോടെ നിലനിൽക്കുന്ന ഈ പാലം ചരിത്രശേഷിപ്പായി നിലനിർത്തണമെന്ന ആവശ്യത്തിൽ ടൂറിസം പ്രാധാന്യവും ഉണ്ട്.ബ്രിട്ടിഷ് ഭരണകാലത്ത് കുടകിൽ നിന്നു കേരളവുമായി വ്യാപാര ആവശ്യങ്ങൾക്കായി പണിതതാണ് ഈ പാലം. കരിങ്കൽ തൂണുകളിൽ കൂറ്റൻ ഉരുക്ക് ബീമുകളും പാളികളും കൊണ്ട് പണിത പാലം ടൂറിസം കാഴ്ചപ്പാടോടെ നവീകരിച്ചാൽ സഞ്ചാരികളെ ആകർഷിക്കുമെന്നതിലും സംശയം ഇല്ല.  പഴശ്ശി ജലസംഭരണിക്കു മുകളിലാണ് പാലം സ്ഥിതിചെയ്യുന്നത് എന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *