• Fri. Sep 20th, 2024
Top Tags

പാലം തകർന്നതിനു പിന്നിൽ മലമുകളിൽ‌ ഉണ്ടായ മിന്നൽ പ്രളയം?; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Bydesk

Aug 30, 2022

ഇരിട്ടി∙ ശനിയാഴ്ച രാത്രി വാഴയിൽ സെന്റ് ജൂഡ് നഗർ പാലം തകർന്ന സംഭവത്തിനു പിന്നിൽ മലമുകളിൽ‌ ഉണ്ടായ  മിന്നൽ പ്രളയം എന്നു സൂചന. അപകടത്തിന് 10 മിനിറ്റ് മുൻപ് കൂടി വാഹനം കടന്നു പോയ പാലത്തിൽ തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്. ശനിയാഴ്ച രാത്രി 10.30 നാണു പാലം തകർന്നതു അറിയുന്നത്. പ്രദേശവാസിയായ വട്ടംതൊട്ടിയിൽ സനു ബൈക്കിൽ പാലത്തിൽ പ്രവേശിക്കുമ്പോൾ മുൻ ഭാഗം ഇല്ലെന്നു തോന്നും വിധം താഴ്ന്നതു ശ്രദ്ധയിൽ പെടുകയായിരുന്നു.

സനു വിവരം അറിയിച്ചതു അനുസരിച്ചു നാട്ടുകാർ രാത്രി തന്നെ പാലത്തിൽ വാഹനങ്ങൾ പ്രവേശിക്കാതെ  തടസ്സം സ്ഥാപിച്ചു.പ്രദേശത്ത് കനത്ത മഴ ഇല്ലാത്ത സമയമാണു പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലും കുത്തൊഴുക്കും ഉണ്ടായതെന്നാണു മിന്നൽ പ്രളയത്തിന്റെ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്. ജനകീയ കൂട്ടായ്മയിൽ 1973 ൽ ആണു അയ്യൻകുന്ന് പഞ്ചായത്തിലെ കൊണ്ടൂർ പുഴയ്ക്കു  ഈ പാലം പണിയുന്നത്. 2012 ൽ ഉണ്ടായ വാണിയപ്പാറയിൽ ഉണ്ടായ കനത്ത ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും  അതിജീവിച്ച പാലം ആണിത്.

അന്നു ഈ പാലത്തിനു 1 കിലോമീറ്റർ മുൻപുള്ള ഇതേ പുഴയിലെ വാഴയിൽ പാലം വാഹനങ്ങളും യാത്രക്കാരും അടക്കം ഒലിച്ചു പോയിരുന്നു. സണ്ണി ജോസഫ് എംഎൽഎ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ് പ്രസിഡന്റ് ലിസി തോമസ്, സ്ഥിരം സമിതി അധ്യക്ഷ മിനി വിശ്വനാഥൻ, അംഗങ്ങളായ സജി മച്ചിത്താന്നി, എം.കെ.വിനോദ്, ഇരിട്ടി താലൂക്ക് തഹസിൽദാർ (എൽആർ) എം.ലക്ഷ്മണൻ, വില്ലേജ് ഓഫിസർ മനോജ് കുമാർ, നേതാക്കളായ വി.ടി.മാത്തുക്കുട്ടി, തോമസ് വലിയതൊട്ടി, ബെന്നി പുതിയാംപുറം, ടി.എം.വേണുഗോപാൽ എന്നിവർ സന്ദർശിച്ചു.

തകർച്ച തൂൺ താഴ്ന്ന്

വാഴയിൽ സെന്റ് ജൂഡ് നഗർ പാലം തൂൺ താഴ്ന്നു ‘വി’ ആകൃതി യിലായി. കരയിലെ കെട്ടുകൾ അടക്കം 5 തൂണുകളിൽ 4 സ്പാനുകളിലാണ് പാലം ഉള്ളത്. ഇതിൽ സെന്റ് ജൂഡ് നഗർ ഭാഗത്തു കര ഭാഗം കഴിഞ്ഞു പുഴയിലെ ആദ്യ തൂൺ പുഴക്കടിയിലേക്ക് എന്ന നിലയിൽ താഴ്ന്നു പോകുകയായിരുന്നു. ഇതിനു അനുസരിച്ചു സ്ലാബും വിണ്ടു ഇടിഞ്ഞു താണു. വാർപ്പ് കൈവരി തകർന്നു പുഴയിലും ആയി. കനത്ത കുത്തൊഴുക്കിൽ തൂണിന്റെ അടിഭാഗത്തെ മണ്ണും മണലും എടുത്തു പോയതാകാമെന്നു നാട്ടുകാർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *