• Thu. Sep 19th, 2024
Top Tags

കേരള– കർണാടക അതിർത്തിയിൽ സംയുക്ത എക്സൈസ് പരിശോധന

Bydesk

Aug 31, 2022

ഇരിട്ടി∙ ഓണം ആഘോഷങ്ങളുടെ മറവിൽ കർണാടകയിൽ നിന്നു കേരളത്തിലേക്കു  ലഹരി – മദ്യക്കടത്ത് തടയുന്നതിനായി കേരള, കർണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങൾ സംയുക്ത വാഹന പരിശോധന തുടങ്ങി. കൂട്ടുപുഴ പുതിയ പാലം കേന്ദ്രീകരിച്ചു ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണു നടപടി. മദ്യം, ലഹരി ഉൽപന്നങ്ങൾ, കള്ളപ്പണം, മയക്കുമരുന്ന് എന്നിവ കടത്തുന്നത് തടയുകയാണ് ലക്ഷ്യം. ഇടയ്ക്കിടെ അപ്രതീക്ഷിതമായി എത്തി ഇരു സംസ്ഥാന സംഘങ്ങളും ചേർന്നുള്ള പരിശോധന എന്ന നിലയിലാണു പ്രവർത്തനം.

അതിർത്തിയിൽ എക്സൈസിന്റെ പരിശോധനയ്ക്കു പുറമേ 24 മണിക്കൂറും കേരള പൊലീസിന്റെ പരിശോധനയും നടക്കുന്നുണ്ട്. കിളിയന്തറയിൽ നിലവിലുള്ള കേരള എക്സൈസ് പരിശോധനയ്ക്കു പുറമേയാണു കൂട്ടുപുഴയിൽ കർണാടകയുമായി ചേർന്നു സംയുക്ത പരിശോധന ശക്തമാക്കിയിട്ടുള്ളത്. ഇതോടെ അന്തർ സംസ്ഥാന യാത്രക്കാർ 1 കിലോമീറ്ററിനിടിയി‍ൽ മറ്റു 3 പരിശോധനകൾ കൂടി നേരിടണം. കർണാടകയിൽ നിന്നെത്തുന്ന യാത്രാവാഹനങ്ങളും ചരക്കു വാഹനങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

കർണാടക സംഘം തങ്ങളുടെ സംസ്ഥാനത്തേക്ക് പോകുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. എക്സൈസ് സ്‌പെഷൽ സ്ക്വാഡ് സിഐ പി.പി.ജനാർദനൻ, ഇൻസ്പെക്ടർ ബിജിൽ കുമാർ, ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സി.രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കേരള സംഘവും വീരാജ്പേട്ട എക്സൈസ് ഡപ്യൂട്ടി സൂപ്രണ്ട് എം.എൻ.നടരാജു, സബ് ഇൻസ്പെക്ടർമാരായ മോഹൻകുമാർ, എച്ച്.സി.ചന്ദ്രു എന്നിവരുടെ നേതൃത്വത്തിലുള്ള കർണാടക സംഘവും ആണു ഇന്നലെ പരിശോധന നടത്തിയത്.

ലഹരി മരുന്ന് കടത്ത് വ്യാപകം

കർണാടകയിൽ നിന്ന് മാക്കൂട്ടം അതിർത്തി വഴി ബൈക്കുകളിൽ അടക്കം കടത്തി കൊണ്ടുവന്ന എംഡിഎംഎ, കഞ്ചാവ്, എൽഎസ്ഡി സ്റ്റാംപുകൾ, വിവിധ മയക്കു ഗുളികകൾ എന്നിങ്ങനെ മാരക ലഹരി വസ്തുക്കൾ വ്യാപകമായി അതിർത്തി വഴി കടത്തുന്നുണ്ടെന്നാണു അധികൃതരുടെ നിരീക്ഷണം.

അടുത്തിടെ ഇത്തരം നിരവധി കേസുകൾ എക്സൈസ് സംഘങ്ങളും പൊലീസും പിടികൂടിയിരുന്നു. ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇത്തരം ലഹരിക്കടത്ത് വർധിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണു ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങളുടെ സംയുക്ത നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *