• Fri. Sep 20th, 2024
Top Tags

പുറംകാഴ്ചകൾ കണ്ടിരിക്കെ കല്ലുവന്നു പതിച്ചു, നിലവിളിച്ചു കീർത്തന; ആശങ്കയുടെ പാളത്തിൽ യാത്ര, പിടിയിലാകുന്നത് വിദ്യാർഥികൾ

Bydesk

Sep 12, 2022

കണ്ണൂർ ∙ മംഗളൂരുവിനും തലശ്ശേരിക്കും ഇടയിൽ ട്രെയിനിനു നേരെ കല്ലെറിയുന്നതും ട്രാക്കിൽ കല്ലു നിരത്തുന്നതും ആവർത്തിക്കുന്നതു യാത്രക്കാരെയും റെയിൽവേ അധികൃതരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. നാലാഴ്ചയ്ക്കിടെ അഞ്ചു കേസുകളാണ് റെയിൽവേ സുരക്ഷാ സേന എടുത്തത്. മിക്കതിലും സ്കൂൾ വിദ്യാർഥികളാണു നിയമലംഘനം നടത്തിയതെന്നതിനാൽ കേസെടുക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിലേക്കു വിടുകയാണ് ചെയ്യുന്നത്.

ഓഗസ്റ്റ് 30ന് ഉള്ളാളിനു സമീപം ട്രെയിനിനു കല്ലേറുണ്ടായ സംഭവത്തിലും സ്കൂൾ വിദ്യാർഥികളാണു പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായ സംഭവങ്ങളും ഒട്ടേറെയുണ്ട്. കണ്ണൂർ സൗത്ത്, വളപട്ടണം, തൃക്കരിപ്പൂർ, ചന്ദേര,ചേറ്റുകുണ്ട്, ചിത്താരി, കോട്ടിക്കുളം, ഉപ്പള, കുമ്പള, ഉള്ളാൾ ഭാഗങ്ങളിലാണ് ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ജൂലൈ 19ന് വളപട്ടണം റെയിൽവേ പാലത്തിനു സമീപം ട്രാക്കിൽ മീറ്ററുകളോളം നീളത്തിൽ കരിങ്കല്ല് നിരത്തിയിട്ട് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു.

കല്ലേറിൽ ലോക്കോ പൈലറ്റുമാർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കും പരുക്കേറ്റ സംഭവങ്ങളുമുണ്ട്. ഓഗസ്റ്റ് 20ന് കോട്ടിക്കുളത്ത് ട്രാക്കിൽ ഇരുമ്പുപാളി വച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്നു തന്നെ ചിത്താരിയിൽ ട്രെയിനിനു നേരെ കല്ലേറുമുണ്ടായി. ജൂലൈ 17ന് കുമ്പളയിൽ ട്രാക്കിൽ കല്ലു നിരത്തിയതും കണ്ടെത്തിയിരുന്നു. ജൂലൈയിൽ കോട്ടിക്കുളം റെയിൽവേ സ്റ്റേഷനു സമീപവും റെയിൽവേ ട്രാക്കിൽ കല്ലുകൾ വച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കണ്ണൂരിൽ ട്രെയിനിനു നേരെ കല്ലെറിഞ്ഞ രാജസ്ഥാൻ സ്വദേശികളായ മൂന്നുപേരെ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു. യാർഡിൽ ഷണ്ടിങ് നടത്തുന്നതിനിടയിലാണ് ട്രെയിനിനു കല്ലേറുണ്ടായത്. മേയ് 8നു രാത്രി മംഗളൂരു – ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനു നേരെ പാലക്കാട് റെയിൽവേ സ്റ്റേഷനു സമീപമുണ്ടായ കല്ലേറിൽ യാത്രക്കാരന്റെ കണ്ണിനു താഴെ പരുക്കേറ്റിരുന്നു. ബിഹാർ സ്വദേശിയാണ് അറസ്റ്റിലായത്. പിന്നാലെ കടന്നുവന്ന കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിനു കല്ലെറിയാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്.

പുറംകാഴ്ചകൾ കണ്ടിരുന്നു; കല്ലേറുകൊണ്ട് കീർത്തന

തലശ്ശേരി ∙ അമ്മയ്ക്കും അച്ഛമ്മയ്ക്കും ഒപ്പം ഇരിക്കാൻ എസ് 10 കോച്ചിലേക്ക് ഓടിയെത്തിയതായിരുന്നു കീർത്തന. മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനു ശേഷം കോട്ടയത്തേക്കുള്ള മടക്കയാത്രയാണ്. വെള്ളിയാഴ്ച കോട്ടയത്തു നിന്നു ട്രെയിനിൽ പുറപ്പെട്ടതു മുതൽ പുറംകാഴ്ചകൾ കണ്ട് ആസ്വദിച്ചായിരുന്നു പന്ത്രണ്ടു വയസ്സുകാരിയുടെ യാത്ര. ഓണത്തിരക്കു കാരണം പല കോച്ചുകളിലായാണ് ഇവർക്കു സീറ്റ് ലഭിച്ചത്. എസ് 1 കോച്ചിലായിരുന്നു കീർത്തനയ്ക്കും അച്ഛൻ രാജേഷിനും സീറ്റ് ലഭിച്ചിരുന്നത്.

അമ്മയ്ക്കും അച്ഛമ്മ വിജയകുമാരിക്കും എസ് 10 കോച്ചിലും. മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസ് (16348) ട്രെയിൻ വൈകിട്ട് 4.55ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ വിട്ടതു മുതൽ പുറംകാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു അവൾ. താഴെചൊവ്വ റെയിൽവേ ഗേറ്റ് കടന്ന ശേഷം ഒന്നു തിരിഞ്ഞപ്പോഴായിരുന്നു കല്ലേറു കൊണ്ടത്. പുറത്തേക്കു നോക്കിയിരിക്കുമ്പോഴായിരുന്നു കല്ലുവന്നു പതിച്ചതെങ്കിൽ കണ്ണിനു പരുക്കേൽക്കാൻ സാധ്യതയേറെയായിരുന്നു.

തലയുടെ ഇടതുവശത്തായാണു കല്ലുവന്നു വീണത്. അവളുടെ വെള്ളയുടുപ്പിലും ചോരത്തുള്ളികൾ വീണു. നിലവിളികേട്ട് ഓടിയെത്തിയ ടിടിഇ ഷാജി പനിക്കുളം പാലക്കാട് ഡിവിഷനിൽ വിവരം അറിയിച്ചു. മരുന്നുകൾ റെയിൽവേ ജീവനക്കാർ എത്തിച്ചു. സഹയാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിയാണ് ട്രെയിനിൽ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയത്. ഇതിനിടെ സഹയാത്രക്കാരിൽ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയിരുന്നു.

പരുക്ക് ഗുരുതരമല്ലെന്ന് ഉറപ്പാക്കിയതോടെ ട്രെയിൻ യാത്ര തുടർന്നു. തലശ്ശേരിയിൽ എത്തിയപ്പോൾ അച്ഛൻ രാജേഷിനും അമ്മ രഞ്ജിനിക്കുമൊപ്പം കീർത്തനയെ അവിടെ ഇറക്കി. തലശ്ശേരിയിലെ സ്റ്റേഷൻ മാസ്റ്ററും ആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കി. തുടർന്ന് രാത്രി 9.15നു തലശ്ശേരിയിൽ എത്തിയ മലബാർ എക്സ്പ്രസിൽ മൂവർക്കും റെയിൽവേ യാത്രാ സൗകര്യം ഏർപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *