• Fri. Sep 20th, 2024
Top Tags

ഇന്ന് ശ്രീനാരായണ ഗുരു സമാധി

Bydesk

Sep 21, 2022

ആദ്ധ്യാത്മികതയുടെ അമരവാണി മുഴക്കിയ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് പകര്‍ന്ന് നല്‍കിയ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് സപ്റ്റംബര്‍ 21 ബുധനാഴ്ച (കന്നി 5). 1928ല്‍ സെപ്തംബര്‍ ഇരുപതാം തീയതി ശിവഗിരിയില്‍ വച്ചാണ് ഗുരുദേവന്‍ സമാധിയടഞ്ഞത്.

ആത്മീയതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹര സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം. ഭാരതത്തിന്റെ സാംസ്‌കാരിക നഭോമണ്ഡലത്തില്‍ മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. ഗുരുദേവ സ്മൃതികളെ തൊഴുകൈകളോടെ സ്മരിക്കുകയാണിന്ന് കേരളം.

വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കര്‍മ്മം കൊണ്ട് അഭിവൃദ്ധി നേടാനും സംഘടന കൊണ്ട് ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നല്‍കി. അദ്വൈതം ജീവിത മതമായി സ്വീകരിച്ച ശ്രീനാരായണ ഗുരു അതെങ്ങനെ പ്രയോഗിക ജീവിതത്തില്‍ പകര്‍ത്തണമെന്ന് ജീവിച്ച് ബോദ്ധ്യപ്പെടുത്തി.

ആര്‍ഷപരമ്പരയിലെ ആചാര്യശ്രേഷ്ഠനായ ശ്രീനാരായണ ഗുരു ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയാനും പരസ്പര സഹകരണത്തിലൂടെ മുന്നേറാനും ഒരു ജനതയെ ഉപദേശിച്ചു. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് ആഹ്വാനം ചെയ്തു, അദ്ദേഹം.

ശ്രീ നാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്റെ പ്രവാചകനായിരുന്നു. കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യ തിന്മകള്‍ക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥക്ക് എതിരായും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായും ഗുരു നടത്തിയ പോരാട്ടം സമാനതകൾ ഇല്ലാത്തതാണ്.

ഗുരുവിന്റെ ഉദ്ബോധനവും അതുണര്‍ത്തി വിട്ട പ്രവര്‍ത്തനവുമാണ് കേരളത്തെ പ്രബുദ്ധതയിലേക്ക് വളര്‍ത്തിയത്. സമൂഹം നേരിടുന്ന വെല്ലുവിളികളെ തന്റെ കര്‍മങ്ങളും ഉപദേശങ്ങളും കൊണ്ട് മറികടക്കാന്‍ ഇപ്പോഴും അദൃശ്യ സാന്നിധ്യമായി നിന്നു കൊണ്ട് സഹായിക്കുകയാണ് ഗുരുദേവന്‍. സാമൂഹികവും സാമ്പത്തികവുമായ അവശതകളില്‍പ്പെട്ട് സ്വാഭിമാനം ചോര്‍ന്നു പോയ ഒരു സമൂഹത്തെ ഉയര്‍ത്ത് എഴുന്നേല്‍പ്പിക്കാനും, വെല്ലുവിളികളെ പ്രതിരോധിക്കാനുമുള്ള കരുത്തും കാഴ്ചപ്പാടും കൈവരിക്കാനും ഗുരുദേവന്റെ ഉപദേശങ്ങള്‍ സഹായിച്ചു.

അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്കുയര്‍ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്. വിദ്യയിലൂടെ മാത്രമേ നവോത്ഥാനം പ്രാപ്യമാക്കാന്‍ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവര്‍ണര്‍ക്കായി വിദ്യാലയങ്ങള്‍ തുറന്നു. ‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുക’ എന്ന് സമൂഹത്തോടായി ശ്രീനാരായണ ഗുരു പറഞ്ഞു.

തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903 ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. ബ്രാഹ്‌മണരേയും മറ്റു സവര്‍ണ ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിന് പകരം വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ദേവാലയങ്ങള്‍ ഉണ്ടാക്കിയപ്പോഴും വിദ്യ നഷ്ടപ്പെട്ടവര്‍ക്കായി വിദ്യാലയങ്ങള്‍ ഉണ്ടാക്കിയപ്പോഴും ഗുരുദേവന്‍ മുന്നില്‍ക്കണ്ടത് സമൂഹത്തിന്റെ സാഹോദര്യമായിരുന്നു. കേരളമൊട്ടുക്കും നാല്‍പത്തി മൂന്ന് ക്ഷേത്രങ്ങള്‍ അദ്ദേഹം പ്രതിഷ്ഠിച്ചു.

വര്‍ത്തമാന കാലഘട്ടത്തില്‍ നാം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഗുരുദേവ ദര്‍ശനങ്ങളെ ആശ്രയിക്കുകയാണ് ഏക പോംവഴി. ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനയ്ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹദ് വ്യക്തി ലോകചരിത്രത്തില്‍ അപൂര്‍വമാണ്. തന്റെ ജീവിതം കൊണ്ട് മഹാവിപ്ലവം തീര്‍ത്ത ആ മഹത് വ്യക്തിത്വത്തെ ഓര്‍മ്മിക്കുന്നതാവട്ടെ ഈ ദിനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *