• Fri. Sep 20th, 2024
Top Tags

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി

Bydesk

Sep 23, 2022

കൊല്ലം :  പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം. യാത്രക്കാരെ അസഭ്യം പറഞ്ഞ സമരക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്കു പരുക്കേറ്റു. പള്ളിമുക്കിലാണ് സംഭവം.

തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിൽ ഹർത്താൽ അനുകൂലികൾ കട അടിച്ചുതകർത്തു. 15 പേർ ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തിയത്. ബാലരാമപുരത്ത് ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചു. കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

 

പത്തനംതിട്ട പന്തളത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. പന്തളം-പെരുമൺ സർവീസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവർ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ആലപ്പുഴ വളഞ്ഞവഴിയിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകൾ കല്ലേറിൽ തകർന്നു. ആലുവയിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെ ചില വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. പാലക്കാട് – കുളപ്പുള്ളി സംസ്ഥാന പാതയിൽ ലക്കിടി മംഗലത്ത് ലോറിക്ക് നേരെ കല്ലെറുണ്ടായി.

കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയിൽ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *