• Thu. Sep 19th, 2024
Top Tags

വീടുകളിൽ പാചകവാതകം പൈപ്പ് വഴി ആഘോഷമാക്കി കുടുംബങ്ങൾ

Bydesk

Nov 2, 2022

കണ്ണൂർ: പാചകാവശ്യത്തിനുള്ള പ്രകൃതി വാതകം പൈപ്പ് വഴി കൂടാളിയിലെ വീടുകളിലെത്തിയപ്പോൾ കുടുംബാംഗങ്ങൾക്ക് ആഹ്ലാദം. മുൻ പഞ്ചായത്തംഗം കോയ്യോടൻ മോഹനന്റെ വീട്ടിലാണ് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴി പാചകവാതകമെത്തിയത്. മോഹനന്റെ ഭാര്യ പ്രസീത, അമ്മ കർത്ത്യായനി എന്നിവർക്കാണ് പൈപ്പിലൂടെ എത്തിയ പ്രകൃതിവാതകം ആദ്യമായി കത്തിക്കാൻ അവസരം ലഭിച്ചത്.

സിറ്റി ഗ്യാസിന്റ വരവ് ആഘോഷമാക്കി ബിരിയാണിയുമുണ്ടാക്കി. പൈപ്പ് വഴി എത്തുന്ന പാചകവാതകവും (പി.എൻ.ജി.) നിലവിൽ ഉപയോഗിക്കുന്ന ഗ്യാസ് പോലെതന്നെ ഉപയോഗിക്കാം. നിലവിൽ വീട്ടിലുള്ള സ്റ്റൗ മതി. കൂടാളിയിലെ ഏഴ് വീടുകളിലാണ് ചൊവ്വാഴ്ച കണക്‌ഷൻ നൽകിയത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ കാത്തിരിക്കുകയാണ്. 60 വീടുകളിൽ ഉടൻ കണക്‌ഷൻ നൽകാനാണ് ആലോചന. 150 വീടുകളിൽ കണക്‌ഷനുള്ള പണി 80 ശതമാനം പൂർത്തിയായി.

പി.എൻ.ജി.യും സി.എൻ.ജി.യും

അടുക്കളയിൽ പൈപ്പ് വഴിയുള്ള പ്രകൃതി വാതകവും (പി.എൻ.ജി.) വാഹനങ്ങളിൽ സമ്മർദിത പ്രകൃതി വാതകവും (സി.എൻ.ജി.) ലഭ്യമാക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ഇന്ത്യൻ ഓയിൽ, അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെയാണ് പെട്രോളിയം ആൻഡ്‌ നാച്ചുറൽ ഗ്യാസ് റെുലേറ്ററി ബോർഡ് ഇവിടെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഉദ്ദേശിച്ചതിലും വൈകിയാണ് പദ്ധതി യാഥാർഥ്യമാകുന്നത്. പ്രളയം, കോവിഡ്, പൈപ്പിടാനുള്ള അനുമതി ലഭിക്കുന്നതിലെ തടസ്സങ്ങൾ തുടങ്ങിയവ കാരണം നിർമാണം വൈകുകയായിരുന്നു. കനത്ത മഴ പലപ്പോഴും പൈപ്പിടൽ ജോലികൾക്ക് തടസ്സമായിരുന്നു. വളപട്ടണം-മാഹി പ്രധാന വാതക പൈപ്പ് ലൈൻ നിർമാണം തുടങ്ങാനിരിക്കയാണ്.

മൂന്ന് സി.എൻ.ജി. സ്റ്റേഷനുകൾ സജ്ജം

വാഹനങ്ങൾക്ക് വാതകം നിറക്കുന്നതിനായുള്ള സി.എൻ.ജി. സ്റ്റേഷനുകളും കൂടുതൽ വരുന്നുണ്ട്. പയ്യന്നൂർ, കമ്പിൽ, കൂത്തുപറമ്പ് സി.എൻ.ജി. കേന്ദ്രങ്ങൾ ഉടൻ തുടങ്ങും. തലശ്ശേരി, മാഹി, തളിപ്പറമ്പ് എന്നിവിടങ്ങളിലെ സി.എൻ.ജി. സ്റ്റേഷനുകൾ ഈ സാമ്പത്തികവർഷം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *