• Fri. Sep 20th, 2024
Top Tags

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചെറുപുഴ പൊലീസ് സ്റ്റേഷൻ‌

Bydesk

Nov 2, 2022

ചെറുപുഴ ∙ പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യമില്ലാതെ ചെറുപുഴ പൊലീസ് സ്റ്റേഷൻ. സ്ഥല സൗകര്യം കുറവായതിനാൽ വാഹനങ്ങൾ പിടികൂടിയാൽ റോഡരികിൽത്തന്നെ നിർത്തിയിടേണ്ട സ്ഥിതിയാണ്. ഇങ്ങനെ കസ്റ്റഡിയി ലെടുത്ത് നിർത്തിയിടുന്ന വാഹനങ്ങളുടെ സുരക്ഷ ഒരുക്കുന്നതും പൊലീസിനു തലവേദനയാണ്. പൊലീസുകാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും സ്റ്റേഷനിൽ ഒരുക്കിയിട്ടില്ല.

ഒരു എസ്ഐ, 3 ഗ്രേഡ് എസ്ഐ, 6 വനിതാ ജീവനക്കാർ, ഒരു ഡ്രൈവർ ഉൾപ്പെടെ 36 പേരാണു സ്‌റ്റേഷനിൽ ജോലി ചെയ്യുന്നത്. സ്റ്റേഷൻ കെട്ടിടത്തിൽ നിന്നു തിരിയാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. പ്രതികളെ പിടികൂടിയാൽ പാർപ്പിക്കാൻ ലോക്കപ്പ് ഇല്ലാത്തതും പൊലീസുകാരെ കുഴയ്ക്കുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്താൽ ഉറങ്ങാതെ കാവൽ ഇരിക്കുകയോ അല്ലെങ്കിൽ തൊട്ടടുത്തുള്ള പെരിങ്ങോം പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ പാർപ്പിക്കുകയോ ആണ് പോംവഴി.

പല ദിവസങ്ങളിലും പ്രതികളെ പെരിങ്ങോത്ത് കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും ചെയ്യാനായി ഏറെ സമയം നഷ്ടപ്പെടുത്തേണ്ടിയും വരുന്നു. ചെറുപുഴ പൊലീസ് സ്റ്റേഷനു ശേഷം പ്രവർത്തനം ആരംഭിച്ച മുഴക്കുന്ന് പൊലീസ് സ്‌റ്റേഷൻ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചിട്ട് നാളേറെയായി.

മാവോയിസ്റ്റ് ഭീഷണിയുള്ള ‍പൊലീസ് സ്റ്റേഷൻ

കണ്ണൂർ -കാസർകോട് ജില്ലകളുടെ അതിർത്തിയാണ് ചെറുപുഴ. വിസ്തൃതമായ പെരിങ്ങോം പൊലീസ് സ്റ്റേഷൻ വിഭജിച്ചാണ് ചെറുപുഴ പൊലീസ് സ്റ്റേഷൻ രൂപീകരിച്ചത്. 2016 ഫെബ്രുവരി 20ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പൊലീസ് സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തത്. മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ പ്രദേശം കൂടിയാണിത്. അതിനാൽ കനത്ത ജാഗ്രത പുലർത്തേണ്ട പ്രദേശമാണ്. മലയോര ഹൈവേ കടന്നുപോകുന്നതും പൊലീസ് സ്‌റ്റേഷനു സമീപത്തു കൂടിയാണ്.

അസൗകര്യങ്ങളുടെ നടുവിൽ കൃഷിഭവൻ, മൃഗാശുപത്രി

പൊലീസ് സ്റ്റേഷനു സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ പഞ്ചായത്ത് വക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ആയുർവേദ ആശുപത്രി മറ്റൊരു സ്ഥലത്തേക്കു മാറ്റിയാണു പൊലീസ് സ്റ്റേഷൻ തുടങ്ങാൻ സൗകര്യം ഒരുക്കിയത്. ഇതിനോടു ചേർന്നു തന്നെയാണു മൃഗാശുപത്രിയും കൃഷിഭവനും പ്രവർത്തിക്കുന്നത്. പൊലീസ് സ്റ്റേഷൻ ആരംഭിച്ചതോടെ കൃഷിഭവന്റെയും മൃഗാശുപത്രിയുടെയും പ്രവർത്തനം താളം തെറ്റിയ നിലയിലാണ്.

 

നിയമ ലംഘനത്തിനു പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ സ്റ്റേഷനു മുന്നിൽ നിർത്തിയിടുന്നതാണ് കൃഷിഭവന്റെയും മൃഗാശുപത്രിയു ടെയും പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നത്. കൃഷിഭവനിൽ എത്തുന്ന തൈകളും വളങ്ങളും ഇറക്കി വയ്ക്കാനും വിതരണം ചെയ്യാനും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *