• Fri. Sep 20th, 2024
Top Tags

പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ അടച്ച് സംഭരണം തുടങ്ങി

Bydesk

Nov 22, 2022

പഴശ്ശി അണക്കെട്ടിൻ്റെ ഷട്ടറുകൾ പൂർണ്ണമായും അടച്ച് പദ്ധതിയിൽ ജല സംഭരണം തുടങ്ങി. മഴക്കാലം അവസാനിക്കുകയും തുലാവർഷം പ്രതീക്ഷിച്ച നിലയിൽ ലഭിക്കാതിരിക്കുകയും ചെയ്തതോടെ പദ്ധതിയെ ആശ്രയിക്കുന്ന ബാരാപ്പോൾ, ബാവലി പുഴകളിൽ ജലവിതാനം ക്രമാതീതമായി താണിരുന്നു. എന്നാൽ നീരൊഴുക്ക് കുറഞ്ഞിരുന്നില്ല. ഇതാണ് വേനൽ കനക്കുന്നതിന് മുന്നേതന്നെ പദ്ധതിയുടെ 16 ഷട്ടറുകളും അടച്ച് ജലസംഭരണം തുടങ്ങാൻ കാരണമയത്.

ഇന്ന് കണ്ണൂർ ജില്ലയിലെ എൺപത് ശതമാനത്തോളം പ്രദേശങ്ങൾക്കും ദാഹജലദായിനിയാണ് പഴശ്ശി. മുപ്പതിലധികം പഞ്ചായത്തുകൾക്കും കണ്ണൂർ കോർപ്പറേഷനും, അഞ്ച് നഗരസഭകൾക്കും ഇന്ന് പഴശ്ശി ജലം നൽകുന്നു. ജപ്പാൻ സഹായത്തോടെ നിർമ്മിച്ച തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾക്ക് കുടിവെള്ളം നൽകുന്ന പട്ടുവം പദ്ധതി, കണ്ണൂർ പട്ടണ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന കൊളച്ചേരി പദ്ധതി, തലശ്ശേരി മേഖലക്ക് കുടിവെള്ളം നൽകുന്ന അഞ്ചരക്കണ്ടി പദ്ധതി തുടങ്ങി ആറോളം വൻ കുടിവെള്ള പദ്ധതികളാണ് പഴശ്ശിയെ ആശ്രയിച്ചു ഇന്ന് നിലനിൽക്കുന്നത്.

കണ്ണൂർ വിമാനത്താവളത്തിന്റെ പ്രധാന ജലസ്ത്രോതസ്സും ഇത് തന്നെ. ഇരിട്ടി , മട്ടന്നൂർ നഗരസഭകളിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തിയും അവസാന ഘട്ടത്തിലാണ്.
2012 ൽ ഷട്ടർ തുറക്കാൻ കഴിയാതെ ഉണ്ടായ പ്രളയത്തിൽ തകർന്ന പദ്ധതിയുടെ പ്രധാന കനാൽ ഏതാണ്ട് അറ്റകുറ്റപ്പണികൾ നടത്തി പൂർവസ്ഥിതിയിലാക്കിക്കഴിഞ്ഞു.

ഈ വർഷം 16 കിലോമീറ്റർ കനാൽ വഴി വെള്ളം എത്തിക്കുന്നതിനുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗം കൂടിയാണ് നേരത്തേ ഷട്ടറുകൾ അടച്ച് ജലസംഭരത്തിന് ശ്രമം നടക്കുന്നത്. ഷട്ടർ അടച്ച് ഒറ്റ ദിവസം കൊണ്ട് തന്നെ പദ്ധതിയിൽ അഞ്ചു മീറ്ററോളം ജലം ഉയർന്നു. തുലാവർഷം കുറവാണെങ്കിലും പുഴയിൽ നീരൊഴുക്ക് കുറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടാഴ്ചക്കകം സംഭരണി പൂർണ്ണശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
26.52 ആണ് പദ്ധതിയുടെ സംഭരണശേഷി. എന്നാൽ പത്ത് വർഷത്തോളമായി പുഴയിലെ മണൽ ലേലം ചെയ്യാത്തതും കല്ലും, മണലും, മരങ്ങളും മറ്റും വന്നടിഞ്ഞ് പുഴയുടെ ആഴം കൂടിയ ഭാഗങ്ങളെല്ലാം ഇല്ലാതായ അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ മുൻകാലങ്ങളിൽ സംഭരിച്ചു നിർത്തിയിരുന്ന ജലത്തിന്റെ അളവ് ഏറെ കുറയാനാണ് സാദ്ധ്യത.

പദ്ധതി പ്രദേശത്ത് പഴശ്ശികനാലിന്റെ നിർമ്മാണ പ്രവർത്തി നടക്കുന്നതിനാൽ ജലം ക്രമാതീതമായി ഉയരാനിടയായാൽ പരമാവധി സംഭരണശേഷി നിലനിർത്താതെ ഒരുപക്ഷേ ഇക്കുറി നേരത്തെ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിക്കളയേണ്ടതായും വരും. മാഹി മെയിൻ കനാൽ വരെ വെള്ളം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

നവീകരിച്ച കനാൽ വഴി കഴിഞ്ഞ വർഷം 5 കിലോമീറ്റർ ദൂരം വെള്ളം എത്തിച്ചുള്ള പരീക്ഷണം വിജയിച്ചിരുന്നു. 16 കിലോമീറ്റർ കനാൽ വഴി വെള്ളം എത്തുന്നതോടെ വേനൽക്കാലത്ത് അഞ്ചരക്കണ്ടി, മട്ടന്നൂർ ഭാഗങ്ങളിൽ കാർഷിക വിളകൾക്കും അത് ഏറെ പ്രയോജനപ്പെടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *