• Fri. Sep 20th, 2024
Top Tags

കേസിന് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധം; മംഗളൂരു സ്ഫോടനക്കേസ് എൻ.ഐ.എ ഏറ്റെടുക്കും

Bydesk

Nov 25, 2022

മംഗളൂരു സ്ഫോടനക്കേസ് എൻ.ഐ.എ ഏറ്റെടുക്കും. കേസിന് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി. എന്നാൽ എൻ.ഐ.എ സംഘം നേരത്തെ തന്നെ മംഗളൂരുവിൽ ക്യാമ്പ് ചെയ്ത് പൊലീസ് അന്വേഷണത്തിന് സഹായം നൽകുന്നുണ്ട്. കർണാടക നൽകിയ കത്തിൻറെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിറക്കും. അതേസമയം സ്ഫോടനത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്ന ഇസ്‌ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടനയെ സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

മംഗളൂരു സ്‌ഫോടനത്തിന് മുൻപ് പ്രതി ഷാരിക് ട്രയൽ നടത്തിയിരുന്നെന്ന് എൻഐഎ അറിയിച്ചിരുന്നു. സ്‌ഫോടനം നടക്കുന്നതിന് ഒരാഴ്ച മുൻപ് ശിവമോഗയിലെ ഒരു വനമേഖലയിൽ വച്ച് പ്രതി ട്രയൽ നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇത് സംഭവത്തിന്റെ തീവ്രവാദ സ്വഭാവത്തെക്കുറിച്ച് സൂചന നൽകുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

മംഗളൂരു സ്‌ഫോടനക്കേസിൽ കേരളത്തിലും തമിഴ്‌നാട്ടിലും സമാന്തര അന്വേഷണം നടക്കുന്നുവെന്ന് കർണാടക ആഭ്യന്തരരമന്ത്രി അരഗ ജ്ഞാനേന്ദ്ര കുമാർ പറഞ്ഞു. സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിലൂടെ പ്രതി കലാപമുണ്ടാനാണ് ശ്രമിച്ചതെന്ന് കർണാടക ഡിജിപിയും വ്യക്തമാക്കി. ഷാരികിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം നേരത്തെ വ്യക്തമായതാണെന്നും ആരോഗ്യനില മെച്ചപ്പെട്ടാൽ ഉടൻ ചോദ്യം ചെയ്യുമെന്നും ഡിജിപി പറഞ്ഞു.

സ്ഫോടനം ആസൂത്രണം ചെയ്ത അബ്ദുൾ മദീൻ താഹയ്ക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ ശിവമോഗ സ്വദേശികളായ അറാഫത്ത് അലി , മുസാഫിർ ഹുസൈൻ എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. അതേസമയം കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും, സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദും മംഗളുരുവിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും .സ്ഫോടനം നടന്ന സ്ഥലം ഇരുവരും സന്ദർശിക്കും. x

Spread the love

Leave a Reply

Your email address will not be published. Required fields are marked *