• Thu. Sep 19th, 2024
Top Tags

നിറഞ്ഞ പുഞ്ചിരിയോടെ നഞ്ചിയമ്മ: ഒടുവിൽ അടച്ചുറപ്പുള്ളൊരു വീടായി

Bydesk

Nov 25, 2022

പാലക്കാട്: ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് ഒടുവിൽ അടച്ചുറപ്പുള്ളൊരു വീടായി. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്ന ഭവനം പണിത് നൽകിയിരിക്കുന്നത്.അട്ടപ്പാടിയിലെ നക്കുപതി ഊരിൽ ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നഞ്ചിയമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാർഡുകൾ  സൂക്ഷിക്കാൻ പോലും വീട്ടിൽ ഇടമില്ലെന്ന് നഞ്ചിയമ്മ പലപ്പോഴും സങ്കടം പറഞ്ഞിരുന്നു.

അവാർഡുകൾ വീട്ടിൽ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ട് ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് വീട് പണിയാൻ തയ്യാറായി വന്നത്. മൂന്ന് മാസം മുൻപ് വീടിന്റെ തറക്കല്ലിട്ടു പണി  അതിവേഗം പൂർത്തിയാക്കി. കഴിഞ്ഞ ദിവസം നഞ്ചിയമ്മ പുതിയ വീട്ടിൽ താമസമാക്കി. പഴയ വീടിന്‍റെ തൊട്ടടുത്ത് തന്നെയാണ് വീട് പണിതിരിക്കുന്നത്. ഇനി ദേശീയ അവാർഡ് ഉൾപ്പെടെ വിലപ്പിടിപ്പുള്ളതൊക്കെ ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാം.

അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ രം​ഗത്തെത്തിയിരുന്നു. നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്നായിരുന്നു ലിനുവിന്‍റെ ചോദ്യം.

ഒരു മാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ വിമര്‍ശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *